കൊല്ലം: ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിൻ്റെ പങ്കിൽ സംശയമില്ലെന്നും എന്നാൽ പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാൻ അവർക്ക് കഴിയുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംഎ ബേബി.
ബിജെപിയുടെ കേന്ദ്ര ഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസിന്‍റെ പങ്കിനെ സിപിഎം ഒരിക്കലും കുറച്ചുകാണില്ല. അതേസമയം കോൺഗ്രസിൻ്റെ ചില നയങ്ങൾ വിശാലവേദി രൂപപ്പെടുത്തുന്നതിന് സഹായകമല്ലെന്ന വിമർശനം സൗഹാർദ്ദപൂർവം തുറന്നു പറയും. വർഗീയതയ്‌ക്കെതിരായ നിലപാടിൽ വേണ്ടത്ര ഉറച്ച സമീപനം കോൺഗ്രസിനില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിന്ദു രാഷ്ട്രത്തെ എതിർക്കും, എന്നാൽ ഹിന്ദു രാജ്യത്തിനായി നിലകൊള്ളുമെന്നാണ് കോൺഗ്രസ് നിരന്തരം പറയുന്നത്. ഹിന്ദു രാജ്യമെന്ന ആവശ്യം തന്നെ ഭരണഘടനാ വിരുദ്ധമാണ്. ബിജെപിയെ പ്രതിരോധിക്കാൻ രാഷ്ട്രീയ പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ അണിയറയിൽ നിന്ന് ഏറ്റവുമധികം പങ്ക് വഹിച്ചിട്ടുള്ളത് സിപിഎമ്മാണ്.
എന്നാല്‍ ബിജെപിക്കെതിരെ രാജ്യമാകെ ഒരേ രൂപത്തിലുള്ള സമര മുന്നണി വികാസം പ്രാപിച്ചിട്ടില്ല. കോൺഗ്രസ് ഉള്ളിടത്തേക്ക് ഞങ്ങൾ വരില്ലെന്ന് പറഞ്ഞ് ആം ആദ്‌മി പാർട്ടിയും തൃണമൂൽ കോൺഗ്രസും നിൽക്കുന്നു. ആം ആദ്‌മി പാർട്ടിയുള്ളിടത്തേക്ക് ഞങ്ങളും വരില്ലെന്ന് കോൺഗ്രസും പറയുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. കരുതലോടെ നീങ്ങാത്തതാണ് ഡൽഹി ബിജെപി പിടിക്കുന്ന അവസ്ഥ സൃഷ്‌ടിച്ചത് എന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.
ജനങ്ങളെ ജാതീയമായി സംഘടിപ്പിച്ച് ഹിന്ദു സ്വത്വത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ജാതിബോധവും മതബോധവും പെട്ടെന്ന് ഉത്തേജിപ്പിക്കാൻ കഴിയും. സംഘപരിവാറിന്‍റെ വളരെ ക്ഷമാപൂർവമുള്ള പ്രവർത്തനവും മസ്‌തിഷ്‌ക പ്രക്ഷാളനവും അടക്കം ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് വർഗീയതയെ എതിർക്കാൻ സൂക്ഷ്‌മമായ ഇടപെടൽ വേണമെന്നും അദേഹം പറഞ്ഞു.
Also Read: 'എസ്എഫ്ഐ സിപിഎമ്മിൻ്റെ ക്രിമിനൽ സംഘം'; പിരിച്ചുവിടണമെന്ന് വിഡി സതീശൻ - SFI STUDENT ACTIVITIES