ഇടുക്കി : ജില്ലയിൽ കൊവിഡ് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇടുക്കിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ജാഗ്രത നിർദേശം നൽകിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യപടിയായി ബോധവത്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.
ആശുപത്രിയിൽ പനിയുമായി എത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എല്ലാ ആശുപത്രികളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്.
ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രാഹ്വാനം. രാജ്യത്ത് കേരളത്തിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു. കേരളത്തില്‍ ഇതുവരെ പന്ത്രണ്ട് കൊവിഡ് മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഡല്‍ഹിയിലും കര്‍ണാടകയിലും ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് കൊവിഡ് മരണങ്ങളാണ് സംഭവിച്ചത്. പശ്ചിമബംഗാളിലും രാജസ്ഥാനിലും ഓരോ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നതോടെയാണ് അടിയന്തരാവസ്ഥയ്ക്ക് സജ്ജമാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. മോക്ക് ഡ്രില്ലുകളടക്കം സംഘടിപ്പിക്കാന്‍ ആണ് നിർദേശം. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മതിയായ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാനാണ് മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. ഓക്‌സിജന്‍, ഐസൊലേഷന്‍ ബെഡുകൾ, വെന്‍റിലേറ്ററുകള്‍, അടിയന്തര മരുന്നുകൾ എന്നിവ ഉറപ്പാക്കാനാണ് നടപടിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.