കൊല്ലം: ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നാട്ടുകാർ പിടികൂടിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഗ്രേഡ് എസ്‌ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറൽ എസ്‌പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. അർധരാത്രിയോടെയാണ് പത്തനാപുരത്ത് കൺട്രോൾ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാർ മദ്യപിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്.
പൊലീസ് വാഹനത്തിനുള്ളിൽ മദ്യകുപ്പികളുൾപ്പെടെ നാട്ടുകാർ കണ്ടെത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഇതോടെ സ്ഥലത്തുനിന്നും കടന്നു കളയാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാർ തടഞ്ഞുവക്കുകയായിരുന്നു. വാഹനം തടഞ്ഞു നിർത്തിയവരെ ഇടിച്ചുതെറിപ്പിക്കും വണ്ണം അപകടകരമായ നിലയിൽ വാഹനമോടിച്ച് പൊലീസുകാർ കടന്നു കളഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് കൺട്രോൾ റൂം ഗ്രേഡ് എസ്‌ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെ തിരിച്ചറിഞ്ഞത്. ലഹരിയ്‌ക്കെതിരായ വേട്ട നടത്തുന്ന പൊലീസുകാർ തന്നെ പൊലീസ് വാഹനത്തിൽ മദ്യപിച്ച് കറങ്ങി നടന്നത് വലിയ നാണക്കേടാണ് സേനക്കുണ്ടാക്കിയത്.
ഇതോടെ ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി റൂറൽ എസ്‌പി സാബു മാത്യു അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. റൂറൽ എസ്‌പി നേരിട്ടുനടത്തിയ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് നടപടി. അടുത്ത ദിവസം തന്നെ ഇരുവരും നേരിട്ടെത്തി സംഭവത്തിൽ വിശദീകരണം നൽകണമെന്നും അറിയിച്ചിട്ടുണ്ട്. മദ്യപിച്ച് ജോലിയ്‌ക്കെത്തിയതിന് സുമേഷ് ഇതിന് മുൻപും വകുപ്പുതല ശിക്ഷാനടപടി നേരിട്ടിട്ടുണ്ട്.