ന്യൂഡല്‍ഹി: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ദേശീയ പാത തകര്‍ന്നതിലും വിള്ളല്‍ രൂപപ്പെട്ടതിലും കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വിഷയത്തില്‍ അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വീഴ്‌ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. കുറ്റക്കാര്‍ക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ദേശീയ പാത നിര്‍മാണത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രം കഴിഞ്ഞ ദിവസം ഡീബാര്‍ ചെയ്‌തിരുന്നു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്‍റേതാണ് നടപടി. രാജ്യമെമ്പാടും 8700 കിലോമീറ്ററോളം ദേശീയ പാത നിര്‍മിച്ചിട്ടുള്ള കമ്പനിയാണ് ആന്ധ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. കണ്‍സള്‍ട്ടൻ്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ഇനി തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരായ കൺസ്ട്രക്ഷൻ പ്രോജക്‌ട് മാനേജർ എം. അമർനാഥ് റെഡ്ഡി, ടീം ലീഡർ രാജ് കുമാർ എന്നിവരെയും കേന്ദ്രം സസ്‌പെൻഡ് ചെയ്‌തു. നാഷണല്‍ ഹൈവെയുടെ തകര്‍ച്ച വളരെ ഗൗരവമായിട്ട് തന്നെയാണ് കേന്ദ്രം എടുത്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം.
മെയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാട് നിർമാണത്തിലിരുന്ന നാഷണൽ ഹൈവേ 66 തകർന്നിരുന്നു. സംരക്ഷണ ഭിത്തിയും സർവീസ് റോഡും തകരുകയുണ്ടായി. ഇതിനുപിന്നാലെ കാസര്‍കോടിലെയും കണ്ണൂരിലെയും ഹൈവേയിലെ ചിലയിടങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടു. സംസ്ഥാനത്ത് തുടര്‍ച്ചയായി ദേശീയ പാതയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതോടെ ആശങ്കയിലാണ് ജനങ്ങളും.
ഹൈവേയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതോറിറ്റി ഓഫ് നാഷണല്‍ ഹൈവേയ്‌ക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും കെടുകാര്യസ്ഥതയാണ് ഇതിനുകാരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ മലപ്പുറം ലോക്‌സഭാംഗം ഇ.ടി. മുഹമ്മദ് ബഷീർ ഈ ആഴ്‌ച ആദ്യം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയെ സന്ദർശിച്ച് ഹൈവേയുടെ നിർമാണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.