വയനാട്: മുണ്ടക്കൈ, ചൂരൽമല പുനരധിവാസം കേരളത്തിന്‍റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ ഒരുമയുടെ കരുത്താണ് ഇവിടെവരെ എത്തിച്ചത്. ഇതാണ് ഈ ദൗത്യത്തിന്‍റെ ശക്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി സഹകരിച്ചു. നമ്മുടെ നാടിന്‍റെ അപൂര്‍വതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. '529 കോടിയുടെ തിരിച്ചടയ്‌ക്കേണ്ട വായ്‌പ മാത്രമാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. പഴയ അനുഭവം വച്ച് ഇനി കിട്ടുമോയെന്ന് അറിയില്ല. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ജനങ്ങളില്‍ വലിയ വിഭാഗം നിത്യ ജീവിതത്തിന് മാറ്റിവെച്ച ഓഹരി വയനാടിനായി നീക്കിവച്ചെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പ്രഖ്യാപിച്ച പുനരധിവാസത്തിന്‍റെ ഭാഗമായുള്ള ടൗൺഷിപ്പിന്‍റെ നിർമാണ പ്രവർത്തിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ എൽസ്‌റ്റൻ എസ്‌റ്റേറ്റിലാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്. മൂന്ന് ഘട്ടങ്ങളിലായി സർക്കാർ പ്രഖ്യാപിച്ച 300ഓളം ഗുണഭോക്താക്കൾക്കാണ് വീടും ചെറുനഗരവും ഒരുങ്ങുന്നത്. ഒറ്റരാത്രി കൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുമ്പോൾ രാഷ്ട്രീയ വേർതിരിവില്ലാതെയാണ് ആ ഉയിർത്തേൽപ്പിനെ എല്ലാവരും വരവേറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സര്‍ക്കാര്‍ നടത്തുന്ന രക്ഷാ - ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നിരുപാധികമായ പിന്തുണയാണ് പ്രതിപക്ഷം വാഗ്‌ദാനം ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഓരോ ഘട്ടത്തിലും സര്‍ക്കാരിന് എവിടെയാണ് ചെറിയ തെറ്റുകള്‍ പറ്റുന്നതെന്ന് കണ്ടെത്താന്‍ ഒരു സൂക്ഷ്‌മദര്‍ശിനിയുമായി പിന്നാലെ നടന്ന് അത് പെരുപ്പിച്ച് കാട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചില്ല എന്നത് അഭിമാനത്തോടെ പറയുന്നു. നാം ഒറ്റക്കെട്ടായാണ് നാടിന്‍റെ ദുരന്തത്തെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ടൗൺഷിപ്പ് നിർമാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകി. 'ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓർമ വരുന്നത്. ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിയപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്‌പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറുവശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്‌ചയാണ് കണ്ടിരുന്നത്' എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
'നിങ്ങൾ അനുഭവിച്ച വേദനയോളം വരില്ലെന്ന് അറിയാം. എന്നാലും ടൗൺഷിപ്പ് നിങ്ങളുടെ ജീവിതത്തെ തിരിച്ച് പിടിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനുമുള്ള ആദ്യ ചുവടാണ്. അത് സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ട്. ഏറെ പരിശ്രമിച്ചിട്ടും കേന്ദ്രത്തിൽ നിന്ന് നമുക്ക് പണം ലഭിച്ചില്ല. രാജ്യവും സംസ്ഥാനവും നിങ്ങളുടെ വേദനയ്‌ക്കൊപ്പം ഉണ്ടാകും' എന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിൻ്റെ തറകല്ലിടൽ ചടങ്ങിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.