തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്‍ പാസായതിലൂടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായി സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുനമ്പത്തെ വിഷയം സങ്കീര്‍ണവും ന്യായമായതുമാണ്. മുനമ്പം നിവാസികളുടെ നിയമാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വഖഫ് നിയമത്തിന് ഭേദഗതി വന്നത് കൊണ്ട് മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബില്‍ അവതരിപ്പിച്ച മന്ത്രിതന്നെ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയതാണ്. പുതിയ ബില്ലിലെ ഏത് ഭാഗമാണ് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി പുകമറ സൃഷ്‌ടിച്ച് എന്തെങ്കിലും കിട്ടുമോയെന്നാണ് ബിജെപിയുടെ ശ്രമം.
മുനമ്പം നിവാസികള്‍ക്ക് തന്നെ ഇക്കാര്യം ബോധ്യപ്പെടും. മുനമ്പത്തെ മുന്‍നിര്‍ത്തി വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കണ്ടത്.
ജബല്‍പൂര്‍ ക്രൈസ്‌തവ ആക്രമണവും ഏതാണ്ട് ഇതേ സമയത്താണ് നടന്നത്. പൊലീസിന്‍റെ സാന്നിധ്യത്തില്‍ സംഘപരിവാര്‍ സംഘടനകളായിരുന്നു ആക്രമണത്തിന് പിന്നില്‍. ക്രൈസ്‌തവ ന്യൂനപക്ഷത്തോടുള്ള സംഘപരിവാറിന്‍റെ അടിസ്ഥാന നിലപാടാണ് ജബല്‍പൂരില്‍ കണ്ടത്. ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം റബ്ബര്‍, കാപ്പി കൃഷിക്കാരെയും ചെമ്മീന്‍ കൃഷിക്കാരെയും കാര്യമായി ബാധിക്കും. എന്നാല്‍ പകര ചുങ്കത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരക്ഷരം പ്രതികരിച്ചില്ല.
അമേരിക്കയ്ക്ക് മുന്നില്‍ കേന്ദ്രം സര്‍ക്കാര്‍ മുട്ടില്‍ ഇഴയുന്ന നിലയാണ്. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം അടിമുടി വ്യാജമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.