തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ സമരം അവസാനിപ്പിച്ച് മടങ്ങുകയാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 26125 ആശമാരാണ് കേരളത്തിലുള്ളത്. ഇതില്‍ 90 ശതമാനവും സമരത്തിലില്ല. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയെ ആശ സമരം ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചെറിയ വിഭാഗമാണ് സമരം ചെയ്യുന്നതെന്ന് കണ്ട് തള്ളിക്കളയുന്നതിന് പകരം 5 തവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ആശമാര്‍ ഉന്നയിച്ചത് പ്രകാരം ഉപാധി രഹിത ഹോണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, വിരമിക്കല്‍ പ്രായം 62 ആയിരുന്ന സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു, ലെപ്രസി സര്‍വേയുമായി ഉന്നയിച്ച പ്രശ്‌നവും പരിഹരിച്ചു. ശേഷിക്കുന്ന ആശമാര്‍ക്ക് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ നടപടിയും സ്വീകരിച്ചു. ആയുഷ് പദ്ധതിയിലൂടെ കുറച്ചു ആശമാര്‍ക്ക് കിട്ടുന്ന ഇന്‍സെന്‍റീവ് മുഴുവന്‍ ആശമാര്‍ക്കും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമരം അവസാനിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. എന്നാല്‍ സമരക്കാര്‍ക്ക് കൂടി ഈ ആഗ്രഹം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സമരം അവസാനിപ്പിക്കണമെങ്കില്‍ 21,000 രൂപ ഹോണറേറിയവും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്നാണ് സമരക്കാരുടെ ഭാഗം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഇതിന് കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
ആശമാര്‍ക്കെതിരെ സര്‍ക്കാരിന് യാതൊരു വിധ പിടിവാശിയുമില്ല. മഹാഭൂരിപക്ഷം ആശമാരും ഇത് മനസിലാക്കിയവരാണ്. മുമ്പ് കൈക്കൊണ്ട തീരുമാനം പോലെ ആശമാര്‍ സമരം അവസാനിപ്പിച്ചു മടങ്ങുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്‍റെ രക്തമെന്ന് പിണറായി; മാസപ്പടി കേസ് കൂടുതല്‍ വിശദീകരിക്കാനില്ല.