എറണാകുളം: മൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് ശിക്ഷ വിധിച്ചത്. പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ടികെ സുരേഷിന്‍റേതാണ് വിധി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2023 ഫെബ്രുവരി 21നാണ് കേസിനാസ്‌പദമായ സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയും മാതാവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പറവൂര്‍ പൊലീസ് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
നോർത്ത് പറവൂർ ഇൻസ്‌പെക്‌ടർ ഷോജോ വർഗീസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്‌തരിക്കുകയും 30 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.