തിരുവനന്തപുരം: വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്ത് ഒന്‍പതു മാസം പൂര്‍ത്തിയാക്കും മുന്‍പ് ഫയര്‍ഫോഴ്‌സിലേക്കു തെറിപ്പിച്ച ഡിജിപി യോഗേഷ് ഗുപ്തയോട് കലിയടങ്ങാതെ സര്‍ക്കാര്‍. കേന്ദ്രത്തിലെ ആഭ്യന്ത മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടികയിലുള്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട വിജിലന്‍സ് വസ്തുതാ റിപ്പോര്‍ട്ട് അയയ്ക്കാതെ ഒന്നരമാസമായി ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുന്നു.
എത്രയും വേഗം ഈ റിപ്പോര്‍ട്ട് അയയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ സിങ് ചീഫ് സെക്രട്ടറി എ. ജയതിലകിന് ആദ്യം കത്തയച്ചത് ഏപ്രില്‍ 24 ന്. യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് പ്രൊഫൈലും വിജിലന്‍സ് സ്റ്റാറ്റസും അടങ്ങിയ വസ്തുതാ റിപ്പോര്‍ട്ട് അയയ്ക്കണമെന്നായിരുന്നു കത്തില്‍. കേന്ദ്രത്തിലെ ഡയറക്‌ര്‍ ജനറലിന്‍റെയോ തതുല്യ തസ്തികകളിലേക്കോ നിയമിക്കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് റിപ്പോര്‍ട്ടെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപിയോട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിജിപി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറാന്‍ ചീഫ് സെക്രട്ടറി തയാറാകുന്നില്ല. റിപ്പോര്‍ട്ടിനായി കത്തയച്ച കാര്യം ഓര്‍മ്മിപ്പിച്ചും റിപ്പോര്‍ട്ട് വൈകുന്നതു കാരണം കേന്ദ്ര തസ്തികയിലേക്കുള്ള ഡയറക്ടര്‍ ജനറല്‍മാരുടെ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ ഒന്നാകെ തടപ്പെട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയും ഏപ്രില്‍ 28, മെയ് 1, മെയ് 5, മെയ് 9, മെയ് 13, മെയ് 19, മെയ് 26 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓര്‍മിപ്പിച്ചിട്ടും മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി തയാറായിട്ടില്ല.
സാധാരണയായി ഒരാഴ്ചയ്ക്കകം നല്‍കേണ്ട മറുപടിയാണ് ഒന്നരമാസമായി കാരണമില്ലാതെ ചീഫ് സെക്രട്ടറി വൈകിപ്പിക്കുന്നത്. ഇതിന്‍റെ കാരണമെന്താണെന്നറിയാന്‍ ചീഫ് സെക്രട്ടറിയോട് ഫോണിലും വാട്‌സ് ആപ്പിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
2024 ആഗസ്റ്റ് 9 നാണ് യോഗേഷ് ഗുപ്‌തയെ വിജിലന്‍സ് ഡയറക്‌ടറായി നിയമിച്ചത്. വിജിലന്‍സ് ഡയറക്‌ടര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ചില ഇടപെടലുകള്‍ സിപിഎം നേതൃത്വത്തിന് അലോസരമുണ്ടാക്കിയിരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായ പി പി ദിവ്യയുടെ ചില ഇടപാടുകളെ കുറിച്ച് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ജില്ലാ പഞ്ചായത്തിന്‍റെ പല നിര്‍മ്മാണ കരാറുകളും കടലാസ് കമ്പനിയുണ്ടാക്കി ടെണ്ടറില്ലാതെ ആ കമ്പനി നടത്തിയിരുന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ക്വാറികളില്‍ പലയിടത്തും വിജിലന്‍സ് മിന്നല്‍ പിശോധന നടത്തുകയും റോയല്‍റ്റി തട്ടിപ്പിലൂടെ ഖജനാവിനു നഷ്ടം വരുത്തുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ഇനത്തില്‍ മാത്രം 9 മാസത്തിനിടെ 500 കോടി രൂപയാണ് വിജിലനസ് ഇടപെടലിലൂടെ ഖജനാവിലെത്തിയത്.
എന്നാല്‍ ഇതു സംബന്ധിച്ച് പരാതി സിപിഎം നേതൃത്വത്തിനു ലഭിച്ചിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ സര്‍ക്കാരിന് അനഭിമതനാക്കിയതും പൊടുന്നനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനും കാരണമായത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയിലോ മറ്റോ ഉന്നത സ്ഥാനത്തെത്തിയാല്‍ അത് ഭാവിയില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയവും യോഗേഷ് ഗുപ്തയുടെ റിപ്പോര്‍ട്ട് തടഞ്ഞു വയ്ക്കാന്‍ ഇടയാക്കിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് യോഗേഷ് ഇടിവി ഭാരതിനോടു പറഞ്ഞു.
Also Read: ആദ്യ കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്; കമ്പനിയുടമ ഒന്നാം പ്രതി, ക്യാപ്റ്റന്‍ രണ്ടാം പ്രതി