കണ്ണൂർ: ക്ഷൗരക്കത്തിക്ക് എന്ത് വിലയുണ്ടാവും. നിസാരം എന്നാണെങ്കില്‍ തെറ്റി. ലോകരാജ്യങ്ങളില്‍ പ്രശസ്‌തമായ ചന്ദ്രാ റേസറിന് വില അല്‍പം കൂടും. 2800 രൂപയാണ് ബ്ലേഡ് ഇട്ട് ഉപയോഗിക്കാവുന്ന മടക്കുന്ന ഈ ക്ഷൗരക്കത്തിക്ക് വില.
മുടി വെട്ടാനുപയോഗിക്കുന്ന കത്രികയ്ക്കുമുണ്ട് 1300 മുതല്‍ 1400 രൂപ വരെ വില. വില ഒരല്‍പ്പം കൂടുതലാണെങ്കിലും ബാര്‍ബര്‍ ഷാപ്പുകാര്‍ക്കൊക്കെ ചന്ദ്രാ റേസര്‍ മതി. അത്രയ്ക്ക് വിശ്വാസ്യതയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിക്കാരന്‍ മവ്വൂര്‍ ചന്ദ്രന്‍ ഉണ്ടാക്കുന്ന ക്ഷൗരക്കത്തിക്ക്.
കേരളത്തിനകത്തും പുറത്തും മാത്രമല്ല, അങ്ങ് ഗള്‍ഫിലേക്കും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെ ചന്ദ്രാ റേസര്‍ വിറ്റു പോകുന്നുണ്ട്. ഏഴു പതിറ്റാണ്ട് മുമ്പ് ചന്ദ്രന്‍റെ അച്ഛന്‍ കുഞ്ഞിക്കണ്ണനാണ് പാപ്പിനിശ്ശേരിയില്‍ കത്രിക, ക്ഷൗരക്കത്തി നിര്‍മ്മാണ കമ്പനി തുടങ്ങിയത്. അന്നേ പ്രശസ്‌തമായിരുന്നു ഇവരുടെ കത്തിയും കത്രികയും.
പഴയ കാലത്തെ ബാർബർമാരുടെ കത്തി പുത്തന്‍ തലമുറയ്ക്ക് വലിയ പരിചയമുണ്ടാവില്ല. എത്ര ശ്രദ്ധാപൂര്‍വ്വം ഷേവ് ചെയ്‌താലും ചോര പൊടിയും. ഷേവിങ്ങിന് ശേഷം ചോര പടരാതിരിക്കാൻ കല്ലുകൾ കൊണ്ട് ഒപ്പി നീക്കുന്ന കാലം. ആ കല്ലുകള്‍ ഉരയ്ക്കുമ്പോള്‍ വല്ലാത്തൊരു നീറ്റലാണ്. അത് അനുഭവിച്ചവര്‍ക്കറിയാം. അതൊക്കെ പഴയ ഷേവിങ്ങ് വിശേഷങ്ങള്‍.

ആ പഴയ സമ്പ്രദായത്തില്‍ നിന്ന് പുതിയ ടെക്നോളജികൾ പിറവി കൊള്ളുകയായിരുന്നു. ബ്ലേഡ് വച്ച് ക്ഷൗരം ചെയ്യുന്ന കത്തികൾ പിറവിയെടുത്തതോടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും ബാര്‍ബര്‍മാര്‍ക്കിടയില്‍ അവ വ്യാപകമാക്കിയതിന് പിന്നില്‍ കണ്ണൂരിലെ പാപ്പിനിശ്ശേരിയിലെ ഒരു സംരംഭകന് വലിയ പങ്കുണ്ട്.പാപ്പിനിശേരി റെയിൽവേ ഓവർ ബ്രിഡ്ജിനു തൊട്ട് താഴെയായി തീവണ്ടികളുടെ ചൂളം വിളിക്കൊപ്പം താളമിടുന്ന പാപ്പിനിശേരി സ്വദേശി ചന്ദ്രന്‍റെ യന്ത്രങ്ങളിലൂടെ പിറന്നു വീഴുകയാണ് ആഗോള ബ്രാന്‍ഡായ ചന്ദ്രാ റേസറിന്‍റെ കത്തിയും കത്രികകളും .
കാലം മാറിയപ്പോള്‍ ക്ഷൗരക്കത്തിയിലും പരിഷ്കാരം വന്നു. ഒരേ കത്തി തന്നെ പലരുടെ മുഖത്ത് ഉപയോഗിക്കുന്നത് ആളുകള്‍ ഇഷ്ടപ്പെടാതെയും സമ്മതിക്കാതെയുമായപ്പോള്‍ ബാര്‍ബര്‍മാര്‍ ബ്ലേഡ് മാറ്റി മാറ്റി ഉപയോഗിക്കാവുന്ന സ്റ്റീല്‍ ഫ്രെയിം ക്ഷൗരക്കത്തി അന്വേഷിച്ചു തുടങ്ങി.പഴയ കത്തികളിൽ നിന്ന് വിത്യസ്തമായി മുറിവോ പാടോ ശബ്‍ദ മോ ഇല്ലാതെ ഏറ്റവും പുതിയ കത്തികൾ എങ്ങനെ ഇറക്കാം എന്ന പരീക്ഷണത്തിൽ നിന്നാണ് ചന്ദ്ര റേസറിന്‍റെ പിറവി.
ആ മാറ്റത്തെപ്പറ്റി ചന്ദ്രന്‍ തന്നെ പറയുന്നത് ഇങ്ങിനെയാണ്. "ആദ്യം പഴയ കാലത്തെ ബാര്‍ബര്‍ ഷാപ്പുകളിലേക്ക് വേണ്ട കത്തികളാണ് ഉണ്ടാക്കിയത്. പിന്നീട് കാലത്തിനൊത്ത് ഞങ്ങളുണ്ടാക്കുന്ന കത്തികളും മാറ്റി. ബ്ലേഡ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നവർക്കും ഉപകാരപ്പെടുന്ന തരത്തില്‍ കത്തി മാറ്റിയെടുത്തു.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമിനകത്ത് ബ്ലേഡ് ഇട്ട് ഉപയോഗിക്കാവുന്ന കത്തി നിര്‍മ്മിച്ചു. ജര്‍മന്‍ മാതൃകയിലുള്ള ഇത്തരം കത്തികളിലൊന്ന് ആരോ കടയില്‍ പണിയാന്‍ കൊണ്ടു വന്നതായിരുന്നു. ജര്‍മന്‍ മോഡലില്‍ കത്തിയുടെ നീളം കൂട്ടി. ബ്ലേഡ് പുറത്തു കാണാത്ത തരത്തില്‍ രണ്ട് ഭാഗവും കവര്‍ ചെയ്യുന്ന രൂപത്തില്‍ മാറ്റി. കഴിഞ്ഞ 45 വര്‍ഷത്തോളമായി ഞാനും കത്തികള്‍ നിര്‍മ്മിക്കുന്നു."

നിര്‍മാണ രീതി രഹസ്യമാക്കി വയ്ക്കാനൊന്നും ചന്ദ്രന് താത്പര്യമില്ല. കാരണം തങ്ങളുടെ വൈദഗ്ധ്യം മറ്റാര്‍ക്കും അനുരിക്കാനാവില്ലെന്ന് ചന്ദ്രന് ഉറപ്പുണ്ട്. "കട് പീസുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് കത്തി നിര്‍മ്മിക്കുന്നത്. കത്രിക ഹൈകാര്‍ബണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഫിനിഷ് ചെയ്ത് പോളിഷ് ചെയ്ത് ഇഷ്ട നിറങ്ങളില്‍ ഉണ്ടാക്കിയെടുക്കും. അമേരിക്കയും ജര്‍മ്മനിയും ഉണ്ടാക്കുന്നത് നല്ല നിലവാരമുണ്ട്. പക്ഷേ വിലയും കൂടുതലാണ്.
ഗള്‍ഫിലേക്കും, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ചന്ദ്രാ റേസറുകള്‍ വിറ്റുപോകുന്നുണ്ട്. കേരളത്തില്‍ ഇതു പോലുള്ള മറ്റു സ്ഥാപനങ്ങളില്ല. ഇവിടെ നിര്‍മ്മിക്കുന്നത് കണ്ട് എറണാകുളത്ത് ഒരു കൂട്ടര്‍ തുടങ്ങിയിട്ടുണ്ട്. ക്വാളിറ്റിയുള്ള സാധനങ്ങള്‍ കിട്ടാനില്ലെന്നതാണ് വെല്ലുവിളി. മെറ്റീരിയല്‍ കോസ്റ്റിനനുസരിച്ച് വിലയും കൂടും." -ചന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ലൈഫ് ലോങ്ങ് വാറന്‍റി പറയുന്ന ചന്ദ്രന്‍റെ കത്തിയും കത്രികയും വിപണിയിലും താരങ്ങൾ തന്നെ. 3 സെറ്റ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന കത്രികകളും കത്തിയും ദക്ഷിണേന്ത്യയിലെങ്ങും പ്രശസ്തമാണ്. ബാർബർ ഷാപ്പുകളില്‍ കൂടുതലായി ജോലി നോക്കാനെത്തുന്ന ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന യുവാക്കളും ഇന്ന് ചന്ദ്രാ റേസറിന്‍റെ ആവശ്യക്കാരായി മാറിയെന്ന് ചന്ദ്രൻ പറയുന്നു.
Also Read: കളിയോടൊപ്പം കാര്യം; ടാലന്‍റ് ഹണ്ടായി മാറുന്ന നെടുങ്കണ്ടത്തെ സമ്മര്‍ ക്യാമ്പ്