കണ്ണൂർ: പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികളുടെ പണവും വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം പോയ സംഭവത്തില്‍ അന്വേഷണം അനിശ്‌ചിതത്വത്തില്‍. കഴിഞ്ഞ ശനിയാഴ്‌ച കണ്ണൂര്‍ മാടായി ഗവണ്‍മെൻ്റ് വൊക്കെഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ഡിവിഷണൽ അക്കൗണ്ട് ഓഫിസർ തസ്‌തികയിലേക്കുള്ള പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികളുടെയാണ് പണവും കൂളിങ് ഗ്ലാസ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയത്. യാത്രാചെലവിനുള്‍പ്പെടെ കരുതിയ പണമാണ് സ്‌കൂളിലെ ക്ലോക്ക് റൂമില്‍നിന്ന് മോഷണം പോയത്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്‌ക്കും പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
2025 മെയ് 10ന് ഉച്ചയ്ക്ക് ഒന്നര മുതൽ ആയിരുന്നു ഡിവിഷണൽ അക്കൗണ്ട് ഓഫിസർ തസ്‌തികയിലേക്കുള്ള പരീക്ഷ നടന്നത്. സ്‌കൂളിൽ ചിട്ടപ്പെടുത്തിയത് 200 പേർക്ക് വേണ്ടിയുള്ള 10 ഹാളുകൾ. 102 ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് എത്തുകയും ചെയ്‌തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പലരും തങ്ങളുടെ കൈയിൽ കരുതിയ പണം മോഷണം പോയത് അറിയുന്നത്. മോഷണം പോയതിൽ പയ്യന്നൂർ സ്വദേശിനിയുടെ 10000 രൂപയുടെ കൂളിങ് ഗ്ലാസും ഉൾപ്പെടുന്നു. മോഷണ വിവരം അപ്പോൾതന്നെ പ്രധാന അധ്യാപക എം ഹൈമയെ അറിയിക്കുകയും രേഖാമൂലം പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. ആറ് പേരുടെ പരാതികൾ ഹൈമ പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിൽ നൽകുകയും ചെയ്‌തു. പോയ പണവും സാധനങ്ങളും തിരികെ കിട്ടാൻ ഒന്നു കൂടി ഉദ്യോഗാർഥികൾ ജോലിക്കായി ഇറങ്ങിയതു പോലെ ഇറങ്ങേണ്ടി വരും എന്ന് ഉറപ്പാണ്.
3000 രൂപ ഒക്കെ ഒരു തുകയാണോ?
ഉദ്യോഗാർഥികളുടെ പരാതിയിൽ 3000 രൂപയുടെ നഷ്‌ടം മാത്രമാണ് ഉണ്ടായതെന്നാണ് കണക്ക്. പിന്നെ ഉള്ളത് പതിനായിരം രൂപയുടെ കൂളിങ് ഗ്ലാസ് നഷ്‌ടപ്പെട്ടതാണ്. പരീക്ഷ സമയം സ്‌കൂളിനകത്തേക്ക് മറ്റാർക്കും പ്രവേശനവുമില്ല. എന്തു തന്നെയായാലും പരീക്ഷയ്ക്ക് എത്തിയവരിൽ ആരെങ്കിലും തന്നെയാവാം മോഷണം നടത്തിയിട്ടുണ്ടാവുക. പ്രധാനാധ്യാപികയ്ക്ക് ചിലരെ സംശയം ഉണ്ട്. സംശയം തീർക്കണമെങ്കിൽ പരീക്ഷ എഴുതിയവരുടെ പട്ടിക തരേണ്ടത് പിഎസ്‌സി ആണ്. ഈ കേസിന്മേൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇറങ്ങിയാൽ മറ്റു കേസുകൾക്ക് എങനെ സമയം കണ്ടെത്തുമെന്ന് പഴയങ്ങാടി എസ്ഐ ചോദിക്കുന്നു. ക്ലോക്ക് റൂം സംവിധാനവും സംരക്ഷണവും ഒരുക്കേണ്ടത് പിഎസ്‌സിയും വിദ്യാലയവും അല്ലേ, നമുക്ക് എന്ത് ചെയ്യാനാകും? പൊലീസ് ചോദിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ഹാളിൽ 200 മുതൽ 300 വരെ ഉദ്യോഗാർഥികൾ വരെ
സ്‌കൂൾ എന്ന നിലയിൽ നാം നേരിടുന്ന പ്രതിസന്ധികൾ ഏറെ ഉണ്ട്. ഒരു വിദ്യാലയത്തിൽ മാത്രമായി 200 മുതൽ 300 വരെ ഉദ്യോഗാർഥികളെയാണ് പരീക്ഷയ്ക്കായി പിഎസ്‌സി ഒരുക്കുന്നത്. അതിന് ക്ലാസ്സ് റൂം സജ്ജീകരിക്കേണ്ടത് നമ്മുടെ കടമയാണ്. പുനർനിർമാണത്തിൻ്റെയും അറ്റകുറ്റ പണികളുടെയുമിടയിൽ പല വിദ്യാലയങ്ങൾക്കും പെട്ടെന്ന് സജീകരണം ഒരുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അടുത്ത ആഴ്‌ചയും സ്‌കൂളിൽ പിഎസ്‌സി പരീക്ഷയുണ്ട്. ഇപ്പോള്‍ പണം ഉള്‍പ്പെടെ നഷ്‌ടമായെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഓഫീസ് റൂമിൻ്റെ തൊട്ടടുത്തായി സിസിടിവിയുള്ള മുറി ക്ലോക്ക് റൂമിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപിക ഹൈമ പറഞ്ഞു.
പുറമെ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും പല സജീകരണങ്ങളും പരിധിക്ക് പുറത്ത്
2019 ഓടെ ആണ് പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പിൽ പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചത്. പിഎസ്‌സി പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷയിൽ അട്ടിമറി നടന്നത്തോടെയാണ് പിഎസ്‌സി പരീക്ഷ നിയമങ്ങൾ കർക്കശമാക്കിയത്.
പരീക്ഷാ കേന്ദ്രങ്ങളുടെ ഗേറ്റിനുള്ളിൽ ഉദ്യോഗാർഥികളെ മാത്രമേ കയറാൻ അനുവദിക്കൂ. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ ഗേറ്റ് അടയ്‌ക്കും. പരീക്ഷാകേന്ദ്രത്തിൽ ഒരുക്കിയ ക്ലോക്ക് റൂമിൽ വാച്ചും പേഴ്‌സും ബെൽറ്റും ഉൾപ്പടെയുള്ളവ വച്ചിട്ടുവേണം പരീക്ഷ ഹാളിലേക്ക് കയറേണ്ടത്. കൈയില്‍ പേനയും ഹാൾടിക്കറ്റും മാത്രമേ കരുതാന്‍ പാടുള്ളു. എന്നാൽ പലപ്പോഴും ക്ലോക്ക് റൂമിന് അതിൻ്റേതായ സജ്ജീകരണങ്ങൾ ഒരുക്കി നൽകാനോ സുരക്ഷ ഒരുക്കി നൽകാനോ സ്‌കൂൾ അധികൃതർക്കോ പിഎസ്‌സി പരീക്ഷ നടത്തിപ്പ് ചുമതല ഉള്ളവർക്കോ കഴിയുന്നില്ല. 200 മുതൽ 300 വരെ പേർ വരെ വരുന്ന പരീക്ഷാ സെൻട്രലിലേക്ക് ഒറ്റ ക്ലോക്ക് റൂം മാത്രം നിയോഗിക്കുമ്പോൾ അതിൻ്റെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുന്നു. കാരണം ഇത്രയും പേർ ചെറിയ റൂമിൽ സാധന സാമഗ്രികൾ വച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടമാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ഉദ്യോഗാര്‍ഥികൾ പറയുന്നു. കൂടാതെ വാച്ച് പോലും കെട്ടാതെ പരീക്ഷാഹാളിലേക്ക് കയറുന്ന വിദ്യാർഥികൾക്ക് പരീക്ഷ നടക്കവേ സമയം അറിയാൻ പോലും സാധികാത്ത സ്ഥിതിയാണ്. പല ക്ലാസ്സ് മുറികളിലും ക്ലോക്ക് പോലും ഇല്ലാത്ത സ്ഥിതിയാണ്. യഥാർഥത്തിൽ പുതിയ പിഎസ്‌സിയുടെ പരിഷ്‌കാരങ്ങൾ ഉദ്യോഗാർഥികളെ നട്ടം തിരിക്കുന്ന കാഴ്‌ചയാണ് സമീപകാലത്തായി പരീക്ഷാഹാളുകളിൽ ഉണ്ടാകുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു
ക്ലോക്ക് റൂമിൽ തീപിടിച്ചത് മറ്റൊരു സംഭവം!
പിഎസ്‌സിയുടെ പരീക്ഷ നടക്കുന്നതിനിടെ തിരുവനന്തപുരം ചാല തമിഴ് സ്‌കൂളിൽ ഉദ്യോഗാർഥികളുടെ സാധനങ്ങൾ സൂക്ഷിച്ച ക്ലോക്ക് റൂമിൽ തീപിടിത്തം ഉണ്ടായത് 2022 നവംബർ 22 നാണ്. ഉദ്യോഗാർഥികളുടെ ബാഗുകളും മൊബൈൽ ഫോണുകളും ഉൾപ്പടെ എല്ലാം കത്തിനശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. നൂറിലേറെ ബാഗുകൾ ആണ് അന്ന് ക്ലോക്ക് റൂമിൽ ഉണ്ടായിരുന്നത്.
Also Read : സ്‌കൂള്‍ തുറന്നാല്‍ ആദ്യ രണ്ടാഴ്‌ച കുട്ടികളെ നന്നാക്കല്‍; പുസ്‌തക പഠനം അതിനു ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി