കോഴിക്കോട് : താളം തെറ്റിയ പരീക്ഷാ സംവിധാനത്തെ ട്രാക്കിലാക്കിയ കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് പടിയിറങ്ങി. പരീക്ഷാനടത്തിപ്പിലെ അപാകതകൾ തിരുത്തി ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് മൂല്യനിർണ്ണയവും ഫല പ്രസിദ്ധീകരണവും വേഗത്തിലാക്കിയതിൻ്റെ മികവോടെയാണ് പടിയിറക്കം. കെട്ടുപിണഞ്ഞ് കിടന്നിരുന്ന ഒരു സംവിധാനത്തെ നേർരേഖയിൽ എത്തിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യം അദ്ദേഹം ഇടിവി ഭാരതിനോട് പങ്കുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ഫെബ്രുവരി മുതലാണ് പരീക്ഷാ കൺട്രോളർ സ്ഥാനത്ത് എത്തിയത്. കൊവിഡ് കാലത്ത് താളം തെറ്റിയ പരീക്ഷാ സംവിധാനത്തെ കൃത്യമായി മുന്നോട്ടുനയിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞു. കൊവിഡ് സമയത്ത് ഓൺലൈൻ ചോദ്യപേപ്പർ ട്രാൻസ്‌മിറ്റ് ചെയ്‌ത് പരീക്ഷനടത്തി. മൂല്യനിർണയത്തിൽ സാങ്കേതിക സഹായത്തോടെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി 20 ദിവസത്തിനുള്ളിലകം ഫലം പ്രസിദ്ധീകരിച്ചു

സമ്പൂർണ്ണമായും ബാർകോഡ് സംവിധാനത്തിലേക്ക് യൂണിവേഴ്‌സിറ്റി മൂല്യനിർണയം മാറി. കാലാകാലങ്ങളായി മുടങ്ങി കിടന്ന പുനർമൂല്യനിർണ്ണയവും സപ്ലിമെൻ്ററി പരീക്ഷകളും ചിട്ടയോട് കൂടി മുന്നോട്ട് കൊണ്ടുപോയി.
ഗ്രേസ് മാർക്കുകൾ അതത് സെൻ്ററുകളിൽ നിന്ന് തന്നെ രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കി. ഡിഗ്രി സർട്ടിഫിക്കറ്റുകൾ, റീഫണ്ടുകൾ എന്നിവക്കായി ഓൺ ലൈൻ സംവിധാനം ഒരുക്കി. വിദ്യാർഥികൾക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ‘സ്റ്റുഡൻസ് സർവീസ് ഹബ്’ ഒരുക്കി.

2024 ലെ യുജി, പിജി ഗ്രാജുവേഷൻ ചടങ്ങുകൾ, 2023 മുതൽ നൽകി തുടങ്ങിയ യുജി, പിജി ടോപ്പേഴ്‌സ് അവാർഡുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. അടുത്ത അധ്യയന വർഷം മുതൽ നവംബർ, ഏപ്രിൽ മാസങ്ങളിലേക്ക് പരീക്ഷ ക്രമീകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനു ശേഷമാണ് ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് പടിയിറങ്ങുന്നത്.
സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, പിജി പഠനബോർഡ് എന്നിവയിൽ അംഗമായിരുന്ന ഗോഡ്‌വിൻ കണ്ണൂർ സർവകലാശാലയിൽ ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം കുറേക്കാലമായി കോഴിക്കോടാണ് താമസം. മേയ് 31-ന് വിരമിക്കും.

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷ വിഭാഗത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച ഗോഡ്‌വിൻ സാംരാജിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ആശംസകൾ നേർന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും കൂട്ടായ പ്രവർത്തനങ്ങളിലും നാഴികക്കല്ലുകൾ തീർക്കാൻ ഗോഡ്‌വിൻ സാംരാജിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.




Also Read: ദേശീയ വിദ്യാഭ്യാസ നയം ഒരു സംസ്ഥാനത്തിന് മേലും അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി -