എറണാക്കുളം: കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും. രാവിലെ 8.45 ന് ഖത്തർ എയർവേയ്‌സ് വിമാനത്തിലായിരിക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുക. ജൂൺ ഒമ്പതിനാണ് കെനിയയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായത്.
മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഭൗതിക ശരീരങ്ങൾ ഏറ്റുവാങ്ങി ആദരാഞ്ജലികൾ അർപ്പിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ എത്തിക്കുക.
യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ
കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചത്.
കെനിയയിൽ നിന്നു ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് അനുഗമിക്കുന്നവർക്ക് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.
കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നോർക്ക റൂട്ട്സിനെ വിവരം അറിയിക്കുകയും ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്‌തു. പിന്നാലെ നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി അടിയന്തര യോഗം നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു. കൊച്ചിയിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി പി രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും.
ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.