എറണാകുളം: ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായ് 530 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അഗ്നിബാധയുണ്ടായി 28 മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ ഡോണിയർ വിമാനം സംഭവസ്ഥലത്ത് നീരിക്ഷണം നടത്തിവരുകയാണ്.
കാണാതായ കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും അതുൽ പിള്ള വ്യക്തമാക്കി. കോസ്‌റ്റ് ഗാർഡ് കപ്പൽ സമർത്ത് ഇന്ന് രാവിലെ വിദഗ്‌ദരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
സാച്ചേത്, സമുദ്ര പ്രഹരി എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ അഗ്നിശമന സേന രാത്രി മുഴുവൻ സംഭവസ്ഥലത്ത് തുടർന്നു. ഇന്നലെ രാത്രി ഏകദേശം 11:30ഓടെയാണ് ഐഎൻഎസ് സൂറത്തിൽ നിന്ന് കപ്പലിൽ ജീവനക്കാരെ ഇറക്കിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിച്ചു.
വാൻ ഹായ് 530 കപ്പൽ ഒരു തീഗോളമായി രാത്രി മുഴുവൻ കത്തുകയായിരുന്നു. ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്നും നിരവധി കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അതീവ ഗുരുതരമായ രാസവസ്‌തുക്കളുള്ള 157 കണ്ടെയ്‌നറുകൾ കപ്പലിൽ ഉള്ളതാണ് വലിയ ആശങ്കക്ക് കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാൻ ഹായ് 503 എന്ന കപ്പലിൽ ക്ലാസ് 3 വിഭാഗത്തിൽ പെടുന്ന കണ്ടെയ്‌നറുകൾ ഉണ്ട്. എളുപ്പത്തിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ക്ലാസ് 4.1 വിഭാഗത്തിൽ പെടുന്ന എളുപ്പത്തിൽ തീപിടിക്കാവുന്ന ഖരവസ്‌തുക്കൾ, ക്ലാസ് 4.2 വിഭാഗത്തിൽ പെടുന്ന എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്‌തുക്കൾ, ക്ലാസ് 6 വിഭാഗത്തിൽ പെടുന്ന വിഷവസ്‌തുക്കൾ എന്നിവയാണ് കപ്പലിലെ കണ്ടെയ്‌നറിൽ ഉള്ളത്.
Also Read: കപ്പൽ തീ പിടിത്തം: 18 നാവികരെ മംഗളൂരുവിലെത്തിച്ചു, ആറ് പേര്‍ ചികിത്സയില്‍, രണ്ട് പേരുടെ നില ഗുരുതരം