കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ. പല കോണിൽ നിന്നും തങ്ങളുടെ കുടുംബത്തിനായി മനാഫ് ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും അത് തങ്ങള്‍ക്ക് വേണ്ടെന്നും ജിതിന്‍ പറഞ്ഞു. കണ്ണാടിക്കല്ലിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുടുംബം.
വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും മനാഫ് പിന്മാറണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ജിതിന്‍ ചോദിച്ചു. അർജുന്‍റെ പേരില്‍ ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണെന്നും കുടുംബം ആരോപിച്ചു.
രണ്ടു സർക്കാരിന്‍റെയും ശ്രമത്തിന്‍റെയും ഫലം ആണ് അർജുനെ കിട്ടിയത്. അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു.
അര്‍ജുൻ നഷ്‌ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്‍റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് മനാഫ് മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടിയാണ് ചൂഷണം ചെയ്യുന്നത്. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരികയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്‌ണപ്രിയ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മനാഫിന്‍റെ കൂടെ വന്ന സംഘം 2000 രൂപ തന്നു. അതും അയാൾ പ്രചരിപ്പിക്കുകയാണ്. അർജുന്‍റെ ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്നും പ്രചരിപ്പിക്കുന്നുണ്ട്. അത് യൂട്യൂബിലൂടെയാണ് പ്രചരിക്കുന്നത്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ വീണ്ടും പ്രതികരിക്കുമെന്നും കുടുബം പറഞ്ഞു.
തെരച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകരികത ചൂഷണം ചെയ്‌തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതൊന്നും പരിഗണിച്ചില്ല. മൽപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ട് ദിവസം നഷ്‌ടമായി.
മനാഫിന് യൂട്യൂബ് ചാനൽ ഉണ്ടെന്ന കാര്യം എംഎൽഎക്കും എസ്‌പിക്കും മനസിലായി. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വർ മൽപെയും മനാഫും നടത്തിയ നാടകമാണെന്നും ജിതിൻ ആരോപിച്ചു.