കോഴിക്കോട്: '101 ഡയൽ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്, ഏതാപത്തിലും അവരെ രക്ഷിക്കാൻ ഒരു ഫയർ ഫോഴ്‌സുകാരൻ വരുമെന്ന്...' ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനെതിരെയും പ്രതിരോധം തീർക്കാന്‍ എത്തി ആ വിശ്വാസം കാക്കുകയാണ് ഫയർഫോഴ്‌സ്.
മുക്കം ഫയർ യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇതിനെതിരെ പ്രത്യേക പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം മാത്രമല്ല ഫയർ ഫോഴ്‌സിൻ്റെ സേവനമെന്ന് തെളിയിക്കുകയാണ് മുക്കം ഫയർ യൂണിറ്റ്. പടപൊരുതാം പടിപടിയായി എന്നു തുടങ്ങുന്ന ആൽബം ഗാനം റിലീസ് ചെയ്‌താണ് ഉദ്യോഗസ്ഥരുടെ ബോധവത്‌കരണവും പ്രചാരണവും. ഡയൽ 101 എന്നാണ് ആൽബത്തിന് പേര് നൽകിയിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള ആൽബം നിർമിച്ചാണ് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാനമായും സ്‌കുളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിക്കെതിരെയുള്ള ബോധവത്കരണം. ഇതാദ്യമായല്ല മുക്കം ഫയർ യൂണിറ്റ് ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിരവധി പ്രവർത്തനങ്ങൾക്ക് ഇതിനകം തന്നെ ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയെന്നോണമാണ് ഡയൽ 101ൻ്റെ പിറവിയും. പാട്ട് വേഗത്തിൽ മനസിൽ പതിയുമെന്നതിനാലാണ് ലളിതമായ വരികളുള്ള ആൽബം നിർമിക്കാൻ ഇവർ തയാറായത്.

ക്യാമറയും എഡിറ്റിങും ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയത് മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഫയർ ഉദ്യോഗസ്ഥർ തന്നെയാണ്. ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിന് പുതിയൊരു ആശയം വേണമെന്ന തീരുമാനം കൂടിയാണ് ഡയൽ 101.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷറഫുദ്ദീനാണ് ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. കെടി ജയേഷിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആൽബത്തിന് വരികൾ എഴുതിയത് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെടി ജയേഷും, അജേഷ് മുത്തേരിയുമാണ്. എഡിറ്റിങും ക്യാമറയും കൈകാര്യം ചെയ്‌തത് സവിജേഷ് മണാശേരിയും.
ഫയർ ആൻഡ് റെസ്ക്യൂ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഗാനം നിർമിച്ചിരിക്കുന്നത്. നാടാകെ ലഹരിക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമ്പോൾ മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും ആ പോരാട്ടത്തിനൊപ്പമാണ്.