എറണാകുളം: അമേരിക്കയുടെ പകര തീരുവ നയം നിലവിൽ വന്നതോടെ ആശങ്കയിലായി കേരളത്തിലെ മത്സ്യക്കയറ്റുമതി മേഖല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആവശ്യമായ ഇടപെടലാണ് മത്സ്യക്കയറ്റുമതി മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. ഇന്ത്യയടക്കം 86 രാജ്യങ്ങളിൽ നിന്നുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് അമേരിക്ക വൻതോതിൽ വർധിപ്പിച്ചത്.
ഇന്ത്യയിലുള്ള അഞ്ഞൂറോളം സീ ഫുഡ് എക്സ്പോർട്ടേഴ്‌സിൽ 130 എണ്ണവും കേരളത്തിലാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് ആളുകളെയാണ് നിലവിലെ പ്രതിസന്ധി ബാധിക്കുക. അതോടൊപ്പം രാജ്യത്തിന് കോടികളുടെ വരുമാന നഷ്‌ടവുമാണ് സംഭവിക്കുക. നിലവിൽ അമേരിക്കയിലേക്ക് യാത്രതിരിച്ച കപ്പലുകൾക്ക് ചരക്ക് ഇറക്കാൻ കഴിയുമോയെന്നതിൽ വ്യക്തതയില്ലെന്നാണ് സീ ഫുഡ് എക്‌സ്‌പോട്ടേഴ്‌സ് പറയുന്നത്.
പ്രതിസന്ധി കയറ്റുമതി മേഖലയെ ബാധിച്ചു തുടങ്ങി: പകര തീരുവ നിലവിൽ വന്നത് ഇന്ത്യയിൽ നിന്നുള്ള മത്സ്യ കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി സീഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് അലക്‌സ് നൈനാൻ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 26 ശതമാനമാണ്.
നിലവിലുണ്ടായിരുന്ന 8 ശതമാനം നികുതി ഉൾപ്പടെ ഫലത്തിൽ 34 ശതമാനമായി ഇറക്കുമതി തീരുവ വർധിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയുമായി മത്സ്യ കയറ്റുമതി മേഖലയിൽ മത്സരിക്കുന്ന ഇക്വഡോറിന്‍റെ പകര തീരുവ പത്ത് ശതമാനം മാത്രമാണ്. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി നിർത്തിവയ്‌ക്കാൻ അമേരിക്കയിലെ വ്യാപാരികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അവർ ഇക്വഡോറിനെ ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അലക്‌സ് നൈനാൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള സഹായം ആവശ്യമാണ്.
കേന്ദ്ര സർക്കാർ അമേരിക്കയുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് തന്നെ സമയം ആവശ്യമായി വരും. ഈ സമയം വരെ സീ ഫുഡ് എക്സ്പോർട്ടേഴ്‌സിനെ സർക്കാർ സാമ്പത്തികമായ സഹായിക്കണം. സീ ഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകുകയും ബന്ധപ്പെട്ട ഉദ്യോസ്ഥരുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ചെമ്മീനിന്‍റെ വില ഉയരുന്നത് തിരിച്ചടിയാകും: അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന കേരളത്തിന്‍റെ ചെമ്മീനിന് കിലോയ്ക്ക് 8 ഡോളർ എന്നതിന് പകരം പതിനൊന്നും പന്ത്രണ്ടും ഡോളറായി മാറും. ഇത് അമേരിക്കൻ ഉപഭോക്താവിനെ സംബന്ധിച്ച് സ്വീകാര്യമാവില്ല. അവർ താരതമ്യേന വില കുറഞ്ഞ് ലഭിക്കുന്ന ചെമ്മീനുകളെ ആശ്രയിക്കുന്നതും കയറ്റുമതിയെ ബാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് കയറ്റുമതി ചെയ്‌തത് 1,78,1602 ടൺ സമുദ്രോത്പന്നമാണ്. ഇതിൽ 7,16,006 ടണ്ണും ശീതീകരിച്ച ചെമ്മീനായിരുന്നു. അതുവഴി മാത്രം 40,013 കോടി ലഭിച്ചു. സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തിന്‍റെ 66 ശതമാനവും ചെമ്മീനിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ 35 ശതമാനത്തില്‍ അധികവും അമേരിക്കയിലേക്കായിരുന്നു കയറ്റി അയച്ചിരുന്നത്.
കേരളം ചെയ്യേണ്ടത്: നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്നാണ് മത്സ്യബന്ധന മേഖലയിലെ സംഘടനകൾ ആവശ്യപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള സർവ്വകക്ഷി സംഘം കേന്ദ്ര സർക്കാറിനെ സമീപിക്കണമെന്ന് മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേരും. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലും അമേരിക്കയുമായുള്ള വിലപേശലും ആവശ്യമാണെന്ന് അദേഹം ചൂണ്ടിക്കാണിച്ചു.
Also Read: 'താരിഫ് ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ല'; ട്രംപിന്‍റെ തീരുവ ഭീഷണിക്ക് മറുപടിയുമായി ചൈന