തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് കാട്ടി സർക്കാറിന് വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ ഒറിജിനൽ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാരന്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജിക്കാരനായ നെയ്യാറ്റിൻകര നാഗരാജ് ഇതിനുള്ള അപേക്ഷ നല്‍കിയത്. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കണം എന്ന ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ഒറിജിനല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഈ കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ അത് തിങ്കളാഴ്‌ച സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിജിലൻസിന് നിർദേശം നൽകി.
സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു എ ഡി ജി പി എം ആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. ആരോപണത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അജിത് കുമാറിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കണമെന്ന് നേരത്തേ ഹര്‍ജി പരിഗണിക്കവേ പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വിജിലന്‍സ് തടസ്സ വാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
കേസന്വേഷണം വിജിലന്‍സ് കൃത്യമായി നടത്തിയില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. എ ഡി ജിപിയുടെ കീഴില്‍ ജോലി ചെയ്യുന്നവരാണ് കേസ് അന്വേഷിച്ചതെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ക്ലീന്‍ ചിറ്റ് നല്‍കിയത് അതു കൊണ്ടാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കവടിയാറിൽ 31 ലക്ഷം രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിയ അജിത് കുമാര്‍ ഇത് പിന്നീട് 65 ലക്ഷം രൂപയ്ക്ക് മറിച്ച് വിറ്റു. പട്ടം സബ് രജിസ്‌ട്രാർ ഓഫീസ് പരിധിയിൽ ഉള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. ഇതൊന്നും അന്വേഷിക്കപ്പെട്ടില്ല.എഡിജിപിക്കെതിരായ പല ആരോപണങ്ങളും വിജിലന്‍സ് അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാൽ ഇത്തരം ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വിജിലൻസ് അറിയിച്ചു.ഹർജിക്കാനായ നെയ്യാറ്റിൻകര നാഗരാജിൻ്റെ പരാതി കൂടി അന്വേഷിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. എന്നാൽ രേഖാമൂലം ഇത് അന്വേഷിച്ചിട്ടില്ല. നിലവിൽ ഉണ്ടായിരുന്ന പരാതികൾ കൃത്യമായി അന്വേഷിച്ചുവെന്നും പരാതിക്കാരൻ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അല്ല വാദം പറയുമ്പോൾ പറയുന്നതെന്നും വാദത്തിനിടെ സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എം ആര്‍. അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെൻ്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഇന്ത്യൻ സർവീസ് റൂൾ പ്രകാരം, കേന്ദ്രസർവീസിലുള്ള ആൾ വസ്തുവോ വീടോ വാങ്ങുന്നതിന് മുൻപ് കേന്ദ്രസർക്കാരിൽനിന്ന് അനുമതി വാങ്ങണമെന്ന പ്രാഥമിക ചട്ടം അജിത് കുമാർ ലംഘിച്ചതായും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.
Also Read: ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ അന്തരിച്ചു