പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി കുടുംബം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണം ഹൈക്കോടതി ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പോസ്റ്റ്‌മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു ഹൈക്കോടതിയില്‍ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ വാദിച്ചത്. അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടിലെയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം ഹൈക്കോടതിയില്‍ വാദങ്ങൾ നിരത്തിയത്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല. വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, മറ്റൊരു എജന്‍സി നിപക്ഷമായ അന്വേഷണം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുകയെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നേരത്തെ കുറ്റപത്രം സമർപ്പിച്ചിച്ചെങ്കിലും അന്വേഷണത്തിൽ കുടുംബം അതൃപ്‌തിയിലായിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. മരണത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നാണ് ഭാര്യ മഞ്ജുഷ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആരോപിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന രീതിയിലാണ് അന്വേഷണം നടത്തിയതെന്നും മറ്റുള്ളവരുടെ പങ്കാളിത്തം അവഗണിച്ചതായും കുടുംബം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം മുൻപ് പറഞ്ഞു. അതിന് പിന്നാലെ വന്ന പ്രത്യേക അന്വേഷണ സംഘവും കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ പ്രാഥമിക പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യത്യസ്‌തമല്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.
166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ള കുറ്റപത്രത്തിൽ കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: ലൈഫ് പദ്ധതിയിലെ പണം തട്ടിയെടുത്തതായി ആരോപിച്ച് തിരുവല്ലയിൽ ബന്ധുവിനെ കൊലപ്പെടുത്തി