തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി ഒരു നഗരസഭാ പരിധിയില്‍ കാട്ടുപന്നി വേട്ടയ്ക്ക് കഴിഞ്ഞ മാസം അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം സോണല്‍ പരിധിയിലെ കാട്ടായിക്കോണം, ചന്തവിള ഭാഗങ്ങളില്‍ രണ്ടാഴ്‌ചയ്ക്കിടെ 17 കാട്ടുപന്നികളെയാണ് ഷൂട്ടര്‍മാരുടെ സംഘം വെടിവെച്ചിട്ടത്. തദ്ദേശ സ്ഥാപന അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെങ്കിലും, കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പലപ്പോഴും കര്‍ഷകര്‍ക്ക് ഒടുവില്‍ കൈത്താങ്ങായി എത്തുന്നത് ലൈസന്‍ഡ്‌ഡ് ഷൂട്ടര്‍മാരാണ്.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ ഇത്തരം ഷൂട്ടര്‍ സംഘത്തിന് ഇപ്പോള്‍ സെലിബ്രിറ്റി പരിവേഷമാണ്. നഗരസഭ രൂപീകരിച്ച കാട്ടുപന്നി ഷൂട്ടര്‍മാരുടെ സംഘത്തില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് സിനിമാ-സീരിയല്‍ രംഗത്തെ യുവതാരം വിവേക് ഗോപന്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബസൂക്കയിലുള്‍പ്പെടെ ശ്രദ്ധേയമായ വഷമാണ് വിവേക് കൈകാര്യം ചെയ്‌തത്. പുറമേ ഇപ്പോള്‍ വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്‌തു വരുന്ന നിരവധി സീരിയലുകളിലും വിവേക് താരമാണ്. അഭിനയം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും റീ ടേക്കുകളില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് അടുത്ത കാലത്തായി തൻ്റെ ജീവിതത്തിലെന്നാണ് കാട്ടുപന്നി ഷൂട്ടിങ്ങിനെ കുറിച്ച് വിവേക് ഗോപൻ്റെ വിലയിരുത്തല്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനം വകുപ്പിൻ്റെ ഷൂട്ടേഴ്‌സ് പാനലിലെ സെലിബ്രിറ്റി ഷൂട്ടറായ വിവേക് ഉള്‍പ്പെട്ട സംഘമാണ് അടുത്തിടെ നഗര പരിധിയിലിറങ്ങിയ കാട്ടുപന്നികളെ തേടിയിറങ്ങിയത്. വന മേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടുപന്നി വേട്ടയ്ക്കിറങ്ങുന്നത് പോലെയല്ല ആളുകള്‍ തിങ്ങി പാര്‍ക്കുന്നയിടങ്ങളിലെ ഷൂട്ടിങ്. എന്തെങ്കിലും പിഴവുണ്ടായാല്‍ പിന്നീട് വലിയ പരാതിയായി അതു മാറുമെന്നും വിവേക് ഗോപന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു. ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ചാണ് താന്‍ ഷൂട്ടിങ്ങിന് പോകുന്നത്. ലൈസന്‍സുള്ളത് കൊണ്ട് മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ കാട്ടുപന്നിയെ വെടിവെയ്ക്കാന്‍ വിളിക്കില്ല. ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ചേ കാട്ടുപന്നിയെ വെടിവെയ്ക്കാനാകു. ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ചാല്‍ തന്നെ ഒന്നോ രണ്ടോ വെടി കൊണ്ടു കാട്ടുപന്നി ചാകണമെന്നുമില്ല. വളരെ പെട്ടെന്ന് പെറ്റ് പെരുകുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ തിരുവനന്തപുരം നഗര പ്രദേശങ്ങളിലും കര്‍ഷകര്‍ക്ക് തലവേദനയാണെന്നും വിവേക് പറയുന്നു.
തുടക്കം കോട്ടയം റൈഫിള്‍ ക്ലബില്‍നിന്ന്
2013 ല്‍ കോട്ടയം റൈഫിള്‍ ക്ലബില്‍ അംഗമായാണ് ഷൂട്ടിങ് പഠിക്കാനാരംഭിച്ചതെന്ന് വിവേക് പറയുന്നു. അഭിനയ മേഖലയില്‍ തനിക്ക് ഒരു വഴിത്തിരിവായ പരസ്‌പരം എന്ന സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ജില്ലാ തല ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളിലേക്ക് ഇപ്പോഴും തയ്യാറെടുപ്പ് തുടരുകയാണ്. പക്ഷേ ഷൂട്ടിങ് റേഞ്ചിലെ വെടിവെയ്പ്പ് പോലെയല്ല കാട്ടുപന്നി വേട്ട. നല്ല ശ്രദ്ധയോടെയും ഏറെ റിസ്‌കെടുത്തും ചെയ്യേണ്ട ജോലിയാണ്. രാത്രിയാണ് കാട്ടുപന്നിയെ തേടിയിറങ്ങേണ്ടത്. ഹണ്ടിങ് ലൈറ്റ് എന്ന പേരില്‍ തലയിലും ശരീരത്തിലും കെട്ടിവെയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള ലൈറ്റ് ഉപയോഗിച്ചാണ് പോകുന്നത്. ഒരു കാട്ടുപന്നിയെ കണ്ടാലുടന്‍ അതിന് പിന്നാലെ പോകരുത്. കാത്ത് നിന്നു പ്രദേശത്ത് ഇവയുടെ കൂട്ടമുണ്ടോയെന്ന് ഉറപ്പ് വരുത്തണം. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ കാട്ടുപന്നികള്‍ കൂടുതല്‍ അപകടകാരികളായിരിക്കും. കണ്ടെത്തിയാല്‍ ഉടനെ വെടിവെച്ചിടാനും പറ്റില്ല. പന്നി വീടിനോടോ മറ്റു കെട്ടിടങ്ങളോടോ ചേര്‍ന്നു നില്‍ക്കുമ്പോള്‍ വെടി ലക്ഷ്യം കണ്ടില്ലെങ്കില്‍ അത് കെട്ടിടത്തിലേക്ക് തുളച്ചു കയറും. ഇനി വെടി കൊണ്ടു പന്നി വീണിലെങ്കിലും കുഴപ്പമാണ്. ഉടനെ ഇതു സമീപത്തെ കെട്ടിടത്തിലേക്കോ ഷൂട്ടറുടെ അടുത്തേക്കോ പാഞ്ഞു കയറും. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേ പന്നികളെ വേട്ടയാടാനാകുവെന്നും വിവേക് വിശദീകരിച്ചു. വെടിവെച്ചു കൊന്ന ശേഷം പന്നിയുടെ മുകളില്‍ മണ്ണെണ്ണ ഒഴിച്ചാണ് കുഴിച്ചിടുന്നത്. 25 ഓളം കാട്ടുപന്നികളെ ഞാന്‍ വെടിവെച്ചിട്ടിട്ടുണ്ട്. ഇതില്‍ എല്ലാ പന്നികളെയും വേട്ടയാടി കൊന്നവയല്ല. ചിലപ്പോള്‍ കിണറ്റിലൊക്കെ വീണു കിടക്കുന്നതായി നാട്ടുകാര്‍ അറിയിക്കും. നമ്മള്‍ ചെന്ന് അതിനെ വെടിവെച്ചു കൊല്ലും- വിവേക് ഗോപന്‍ പറയുന്നു.


Also Read: മുങ്ങിയ കപ്പലിനുള്ളില്‍ നോട്ടു കെട്ടുകളോ..? അപകടകാരികളായ രാസവസ്തുക്കളും! വിശദാംശങ്ങള്‍ പുറത്ത്