കണ്ണൂർ: കോടതി നിർദേശ പ്രകാരം പൂട്ടിയിട്ട സ്ഥാപനത്തിനുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നു വിട്ടു. കണ്ണൂരിലെ ഉളിക്കലിലെ വസ്‌ത്ര വ്യാപാരസ്ഥാപനത്തിലെ ചില്ലുകൂട്ടിനുള്ളിലാണ് കുരുവി കുടുങ്ങിക്കിടന്നത്. സ്ഥാപനത്തിൻ്റെ നിയമക്കുരുക്കിനൊപ്പം കുരുവിയും കുടുങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ഏതാനു മണിക്കൂർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഈ അങ്ങാടിക്കുരുവി.
സംഭവം ജില്ലാ കലക്‌ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുരുവിയെ സ്വതന്ത്രമാക്കാൻ ഉത്തരവിടുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ ഈ സ്ഥാപനത്തിൻ്റെ പൂട്ട് മുദ്രവച്ചിരിക്കുകയായിരുന്നു. കുരുവിയെ രക്ഷിക്കണമെങ്കിൽ കടയുടെ ഷട്ടറിനു മുന്നിൽ സ്ഥാപിച്ച ഗ്ലാസ് പാളിയുടെ പൂട്ട് തുറക്കണമായിരുന്നു. പക്ഷേ നിയമ പ്രശ്‌നം നിലനിൽക്കുന്നതിനാൽ പൂട്ട് തുറക്കാനായില്ല. ഇതോടെയാണ് കുരുവിയുടെ മോചനത്തിന് സാക്ഷാൽ ജില്ലാ കലക്‌ടർ തന്നെ നേരിട്ടിടപെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് ദിവസമായി സ്ഥാപനത്തിനുള്ളിലായ കുരുവി നാട്ടുകാരുടെ ശ്രദ്ധയിപ്പെടുകയായിരുന്നു. ഇതോടെ വ്യാപാരികളും ടാക്‌സി തൊഴിലാളികളും വെള്ളവും തീറ്റയും ചില്ലുകൂടിനുള്ളിലേക്ക് കടത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇതും വിജയിച്ചിരുന്നില്ല. ഒടുവിൽ കലക്‌ടറുടെ ഇടപെടലിൽ ഉടന്‍ കട തുറക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.