തൃശൂർ : മാള കുഴൂരിൽ പീഡനശ്രമം തടഞ്ഞ ആറുവയസുകാരനെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ജോജോയെ (22) പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഇന്നലെ വൈകിട്ട് ആണ് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചെത്താത്തതിനാൽ വീട്ടുകാർ മാള പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് പ്രതി ജോജോയും ഉണ്ടായിരുന്നു എന്ന് എസ്‌പി ബി കൃഷ്‌ണകുമാര്‍ പറഞ്ഞു. സംഭവം നടന്ന് അഞ്ചു മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വേറെ ഭാഗങ്ങളിലാണ് പ്രതി തെരഞ്ഞു കൊണ്ടിരുന്നത്. ബോഡി കിട്ടിയ ഭാഗത്തായിരുന്നില്ല പ്രതി തെരഞ്ഞത്. എന്നാൽ ജോജോക്കൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് കേസിൽ നിർണായകമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജോജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നു. സംഭവം നടന്നതിന് 250 മീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ പ്രതി ജോജോ അവിടെയെത്തി ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നുംഎസ്‌പി ബി കൃഷ്‌ണകുമാര്‍ പറഞ്ഞു.
പ്രതി അപമര്യാദയായി പെരുമാറിയപ്പോള്‍ കുട്ടി ചെറുത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ മുഖം പൊത്തിപ്പിടിച്ച് കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കരക്ക് കയറാൻ ശ്രമിച്ചപ്പോൾ വീണ്ടും മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോജോ പൊലീസിന് മൊഴി നൽകി.
ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും. മുൻപ് കുട്ടിക്കാലത്ത് കുറ്റം ചെയ്‌ത് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിഞ്ഞ ഭൂതകാലം ഇയാള്‍ക്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വീട്ടിനടുത്തുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.