ന്യൂഡല്‍ഹി : പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ എന്ന കോര്‍പ്പറേറ്റ് കമ്പനിയിലെ 26കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം. അമിതമായ തൊഴില്‍ സമ്മര്‍ദമാണ് കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി അമ്മ കമ്പനി മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ആയതോടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി.
അന്നയുടെ മരണത്തില്‍ കേന്ദ്ര തൊഴില്‍ സഹ മന്ത്രി ശോഭ കരന്തലാജെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുരക്ഷിതത്തമില്ലാത്തതും ചൂഷണ പ്രവണതയുള്ളതുമായ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തൊഴില്‍ മന്ത്രാലയം ഔദ്യോഗികമായി കേസെടുക്കുമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപിയോടും കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയോടും എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ കുറിപ്പിനുള്ള മറുപടിയായാണ് ശോഭ കരന്തലാജെ എക്‌സിലൂടെ പ്രതികരിച്ചത്. അന്നയുടെ മരണം ഏറെ ദുഃഖകരമാണെന്നും അവര്‍ പറഞ്ഞു.
കമ്പനിയില്‍ ജോലിക്ക് കയറി കേവലം നാല് മാസത്തിനകമാണ് മകള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് കമ്പനി ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനി തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണമെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യനാണെന്ന പരിഗണന നല്‍കാതെ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കരുതെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
'ഇത് നിധി പോലെ കാത്ത് സൂക്ഷിച്ച മകളെ നഷ്‌ടമായ ഒരു അമ്മയുടെ കത്താണ്. ഇനിയൊരു കുടുംബത്തിനും ഇത്തരം ഒരു ദുരവസ്ഥയുണ്ടാകരുത്. അന്ന വളരെ മിടുക്കിയായ വിദ്യാര്‍ഥിനി ആയിരുന്നു. സ്‌കൂളിലും കോളജിലും ഒന്നാമതായാണ് പരീക്ഷകളെല്ലാം പാസായത്. അതികഠിനമായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ ഡിസ്റ്റിങ്‌ഷനോടെയാണ് പാസായത്. ഇത് അവളുടെ ആദ്യത്തെ ജോലി ആയിരുന്നു. ഇത്രയും വലിയൊരു കമ്പനിയുടെ ഭാഗമാകാനായതില്‍ അവള്‍ അഭിമാനിച്ചിരുന്നു'വെന്നും അമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കമ്പനിയില്‍ ചേര്‍ന്ന് കേവലം നാല് മാസത്തിനകം, ഇക്കഴിഞ്ഞ ജൂലൈ 20ന് തന്‍റെ മകളുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ലോകം ആകെ കീഴ്‌മേല്‍ മറിഞ്ഞു. കേവലം 26 വയസ് മാത്രമായിരുന്നു അവളുടെ പ്രായം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കമ്പനിയില്‍ അമിത ജോലിസമ്മര്‍ദം അനുഭവിച്ചിരുന്നതായി അന്ന തങ്ങളോട് പറഞ്ഞിരുന്നുവെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മകള്‍ക്കൊപ്പം ചെലവിടാനായി എത്തിയപ്പോള്‍ പോലും അവള്‍ ഏറെ വൈകിയും ജോലി ചെയ്യുന്നതിന് സാക്ഷിയാകേണ്ടി വന്നു. ജോലി ഉപേക്ഷിക്കാന്‍ തങ്ങള്‍ മകളോട് ആവശ്യപ്പെട്ടെങ്കിലും അവള്‍ക്ക് പുത്തന്‍ ഉയരങ്ങളിലെത്താനുള്ള ആഗ്രഹമായിരുന്നു.
കമ്പനിയില്‍ നിന്ന് ആരും അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. അവസാന ശ്വാസം വരെ കമ്പനിക്ക് വേണ്ടി സമര്‍പ്പിച്ച ഒരു ജീവനക്കാരിയുടെ സംസ്‌കാരത്തിന് കമ്പനിയുടെ ഭാഗത്ത് നിന്ന് ആരും എത്താത്തതും തങ്ങളെ വേദനിപ്പിച്ചുവെന്നും അമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്നയുടെ അമ്മയുടെ കത്ത് ഗൗരവമായി എടുക്കുന്നുവെന്ന് ഏണസ്റ്റ് ആന്‍ഡ് കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു. അന്നയുടെ മരണത്തില്‍ കമ്പനി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കുമെന്നും കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നു.
Also Read: തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം; ‘ഉദ്യോഗജ്യോതി’ പദ്ധതിയുമായി കോഴിക്കോട് ജില്ല ഭരണകൂടം