ബെംഗളൂരു: ബാറ്റിങ്ങില്‍ മറ്റൊരു റെക്കോഡ് കൂടെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായി 1000 ബൗണ്ടറികള്‍ നേടുന്ന താരമെന്ന നാഴികകല്ലാണ് വിരാട് കോലി പിന്നിട്ടിരിക്കുന്നത്.
സ്വന്തം തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരായ മത്സരത്തിനിടെയാണ് കോലി വമ്പന്‍ നേട്ടത്തിലേക്ക് എത്തിയത്. ഇന്നിങ്‌സിന്‍റെ നാലാം ഓവറിലെ മൂന്നാം പന്തില്‍ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ കൂറ്റന്‍ സിക്‌സറിന് പായിച്ചായിരുന്നു കോലി ടൂര്‍ണമെന്‍റില്‍ 1000 ബൗണ്ടറികള്‍ തികച്ചത്.
2008-ല്‍ തുടക്കമായ ഐപിഎല്ലിന്‍റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ചിട്ടുള്ള താരം ഇതുവരെ 257 മത്സരങ്ങള്‍ക്കാണ് ഇറങ്ങിയിട്ടുള്ളത്. 721 ഫോറുകളും 279 സിക്‌സറുകളും കോലി നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമാണെങ്കിലും ഫോറുകളുടേയും സിക്‌സറുകളുടേയും പട്ടിക വെവ്വേറെ നോക്കുകയാണെങ്കില്‍ കോലി മറ്റ് ചിലര്‍ക്ക് പിന്നിലാണ്.
സിക്‌സറിന്‍റെ കാര്യത്തില്‍ ക്രിസ് ഗെയിലും (357) രോഹിത് ശര്‍മയും (282) കോലി മുന്നിലുണ്ട്. ഫോറുകള്‍ നോക്കുകയാണെങ്കില്‍ ശിഖര്‍ ധവാന് പിന്നില്‍ രണ്ടാമതാണ് കോലി. 768 ഫോറുകളാണ് ധവാന്‍ നേടിയത്.
അതേസമയം അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം തുടരാനായാല്‍ മറ്റൊരു അപൂർവ റെക്കോര്‍ഡ് കൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ 100 അര്‍ധ സെഞ്ചുറികള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാവാനാണ് കോലിക്ക് കഴിയുക. നിലവില്‍ 99 അര്‍ധ സെഞ്ചുറികളാണ് കോലി ടി20 ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ചുറികള്‍ തികച്ചിട്ടുള്ള ഒരേയൊരു താരം നിലവില്‍ ഡേവിഡ് വാര്‍ണറാണ്.