ഹൈദരാബാദ്: ഉത്തരാഖണ്ഡില്‍ മുപ്പത്തെട്ടാമത് ദേശീയ ഗെയിംസിന് തിരി തെളിയാന്‍ ഇനി ആറു നാള്‍ മാത്രം. 36 കായിക ഇനങ്ങളില്‍ മല്‍സരം നടക്കും. 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 ടീമുകള്‍ പങ്കെടുക്കും. സര്‍വീസസ് ടീമും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ദേശീയ ഗെയിംസിന് ടീമുകളെ അയക്കുന്നുണ്ട്. പതിനായിരത്തോളം കായിക താരങ്ങളും മേളയില്‍ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണും ഹൽദ്വാനിയുമാണ് പ്രധാന വേദികൾ. തനക്‌പുർ, പിതാറോഗഡ്, അൽമോര, ഭിംതാൽ, ഖതിമ, ഹരിദ്വാർ, ടെഹ്‌റി, ഋഷികേശ്, രുദ്രാപുർ എന്നിവിടങ്ങളിലും വിവിധ മല്‍സരങ്ങള്‍ അരങ്ങേറും.
ഡെറാഡൂണിലെ മഹാപ്രതാപ് സ്‌പോർട്‌സ് കോംപ്ലക്‌സില്‍ അത്‌ലറ്റിക്‌സ് ഉൾപ്പെടെ 10 ഇനങ്ങളിലെ മല്‍സരങ്ങള്‍ നടക്കും. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയം, പരേഡ് ഗ്രൗണ്ട് എന്നീ വേദികളിലും മല്‍സരങ്ങള്‍ നടക്കും. ഹൽദ്വാനിയില്‍ നാല് വേദികളാണുള്ളത്. നീന്തൽ, ഫുട്‌ബോൾ തുടങ്ങിയ പ്രധാന ഇനങ്ങൾ ഇവിടെ നടക്കും.
ടീമുകൾ
ഏറ്റവും കൂടുതല്‍ താരങ്ങളെ അയക്കുന്നത് ആതിഥേയരായ ഉത്തരാഖണ്ഡാണ്. 944 അംഗ സംഘമാണ് ഉത്തരാഖണ്ഡിനുവേണ്ടി കളത്തിലിറങ്ങുക. തൊട്ടുപിന്നില്‍ മഹാരാഷ്‌ട്രയാണ്, 721 പേർ. ഹരിയാന 678 പേരടങ്ങുന്ന സംഘത്തേയും, കര്‍ണാടക 598 പേരടങ്ങുന്ന സംഘത്തേയും അയക്കുന്നു. കേരളത്തിനു വേണ്ടി മല്‍സരത്തിനിറങ്ങുന്നത് 563 അത്ലറ്റുകളടങ്ങുന്ന പടുകൂറ്റന്‍ സംഘമാണ്. ഒഫീഷ്യല്‍സും കോച്ചുമാരും കൂടി ചേരുമ്പോള്‍ കേരളത്തില്‍ നിന്ന് ഉത്തരാഖണ്ഡ് നാഷണല്‍ ഗെയിംസിനെത്തുന്നവരുടെ എണ്ണം അറുനൂറ് കടക്കും.
നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ ടീം ലക്ഷദ്വീപിന്‍റേതാണ്. ഒരേയൊരു അത്ലറ്റ് മാത്രമാണ് ലക്ഷദ്വീപില്‍ നിന്ന് പങ്കെടുക്കുന്നത്. അത് വനിതാ ജാവലിന്‍ ത്രോയില്‍ മല്‍സരിക്കുന്ന മുഫീദ എം എം ആണ്. അരുണാചല്‍ പ്രദേശും ലഡാക്കും ആറു പേര്‍ വീതമടങ്ങുന്ന സംഘത്തെയാണ് അയക്കുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജ്യോതി യാരാജി തന്നെയാകും അത്ലറ്റിക്‌സിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ജ്യോതി യാരാജി 4x100 റിലേയിലും സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലവും. ഇത്തവണ ഉത്തരാഖണ്ഡില്‍ മൂന്ന് വ്യക്തിഗത ഇനങ്ങളിലും ഒരു റിലേയിലും ജ്യോതി യാരാജി മല്‍സരിക്കും. വനിതാ വിഭാഗം 100 200 മീറ്റര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളിലാണ് ജ്യോതി ഇറങ്ങുന്നത്. ഒപ്പം 4x 400 വനിതാ റിലേയിലും മല്‍സരിക്കും.
ഭാഗ്യ ചിഹ്നമായി മൊണാൽ
ഉത്തരാഖണ്ഡിന്‍റെയും ഹിമാചല്‍ പ്രദേശിന്‍റെയും സംസ്ഥാന പക്ഷിയായ മൊണാല്‍ ആണ് ഇക്കുറി ദേശീയ ഗെയിംസിന്‍റെ ഭാഗ്യചിഹ്നം. മൗലി എന്നാണ് ഭാഗ്യചിഹ്നമായ മൊണാലിന്‍റെ പേര്. ഉത്തരാഖണ്ഡില്‍ മത്സരം നടക്കുന്നത് കൊണ്ട് തന്നെയാണ് സംസ്ഥാന പക്ഷിയായ മൊണാലിനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്.
ഹിമാലയന്‍ മേഖലയുടെ ജൈവ-സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ പക്ഷിയെ തെരഞ്ഞെടുത്തിട്ടുള്ളത്. ഉത്തരാഖണ്ഡിന്‍റെ പ്രകൃതി രമണീയതയുടെയും വൈവിധ്യത്തിന്‍റെയും കൂടി പ്രതീകമാണിത്. സാംസ്‌കാരിക പ്രാധാന്യത്തിനപ്പുറം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം കൂടി ഇതിലൂടെ നല്‍കുന്നു. മൊണാല്‍ തങ്ങളുടെ ആവാസ വ്യവസ്ഥ നഷ്‌ടപ്പെടുന്നതിന്‍റെ ഭീഷണി കൂടി നേരിടുന്നുണ്ട്. ഇവയുടെ സ്വഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുക, സുസ്ഥിര മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഭാവി തലമുറയ്ക്കായി പ്രദേശത്തിന്‍റെ ജൈവവൈവിധ്യം സംരക്ഷിയ്ക്കുക എന്നീ സന്ദേശങ്ങൾ കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.
ഉത്തരാഖണ്ഡിലെ പ്രാദേശിക ജനതയ്ക്ക് നല്‍കുന്ന അംഗീകാരം കൂടിയാണ് മൊണാലിന്‍റെ തെരഞ്ഞെടുപ്പ്. കായിക, സാംസ്‌കാരിക, പാരിസ്ഥിതിക ബന്ധത്തെക്കുറിച്ച് വിളിച്ചോതുകയും പ്രാദേശിക ജനസമൂഹത്തിന്‍റെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കുകയും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. മോഗ എന്ന കാട്ടുപോത്ത് ആയിരുന്നു ഗോവയില്‍ നടന്ന 37 -ാമത് ദേശീയ ഗെയിംസിന്‍റെ ഭാഗ്യചിഹ്നം. 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ അമ്മു എന്ന വേഴാമ്പലായിരുന്നു ഭാഗ്യചിഹ്നം.
Also Read: ദേശീയ ഗെയിംസില്‍ കേരളം 29 ഇനങ്ങളില്‍ മത്സരിക്കും; താരങ്ങള്‍ക്ക് പോക്കറ്റ് മണിയും വിമാനയാത്രയും