പനാജി: ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുണ്ടാക്കി ഗോവൻ താരങ്ങളായ സ്‌നേഹല്‍ കൗതങ്കറും കശ്യപ് ബക്‌ലെയും. അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് പോരാട്ടത്തിലാണ് ഇരുവരുടെയും ചരിത്രനേട്ടം. മത്സരത്തില്‍ 314 റണ്‍സെടുത്ത കൗതങ്കറും 300 റണ്‍സ് നേടിയ കശ്യപ് ബാക്‌ലെയും ചേര്‍ന്ന് 606 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണുണ്ടാക്കിയത്.
കൗതങ്കറിന്‍റെയും ബാക്‌ലെയുടെയും തകര്‍പ്പൻ പ്രകടനത്തിന്‍റെ കരുത്തില്‍ അരുണാചലിനെതിരെ 727 റണ്‍സ് ടോട്ടല്‍ സ്കോര്‍ ചെയ്‌ത ഗോവ 643 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ അരുണാചല്‍ 92 റണ്‍സില്‍ പുറത്തായതോടെ 551 റണ്‍സിന്‍റെ വമ്പൻ ജയമാണ് ഗോവയ്ക്ക് സ്വന്തമായത്. നേരത്തെ, ആദ്യ ഇന്നിങ്സില്‍ 84 റണ്‍സിനായിരുന്നു അരുണാചല്‍ പ്രദേശ് വീണത്.
🚨 Record Alert
— BCCI Domestic (@BCCIdomestic) November 14, 2024
Goa batters Kashyap Bakle (300*) & Snehal Kauthankar (314*) have registered the highest-ever partnership in #RanjiTrophy history!
An unbeaten 606 runs for the 3rd wicket in the Plate Group match against Arunachal Pradesh 👏
Scorecard: https://t.co/7pktwKbVeW pic.twitter.com/9vk4U3Aknk
രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഒരു മത്സരത്തില്‍ രണ്ട് താരങ്ങള്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിക്കുന്നത്. 1989ല്‍ തമിഴ്‌നാടിനായി ഡബ്ല്യു വി രാമൻ (313), അര്‍ജുൻ കൃപാല്‍ സിങ് (302) എന്നിവരായിരുന്നു നേട്ടം സ്വന്തമാക്കിയത്. അന്ന് ഗോവയ്‌ക്കെതിരെയാണ് തമിഴ്‌നാടിന്‍റെ താരങ്ങള്‍ ചരിത്രനേട്ടം സൃഷ്‌ടിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച സ്‌നേഹല്‍ കൗതങ്കര്‍ 215 പന്തിലാണ് പുറത്താകാതെ 314 റണ്‍സ് നേടിയത്. മത്സത്തില്‍ നേരിട്ട 205-ാം പന്തിലായിരുന്നു താരം മുന്നൂറിലേക്ക് എത്തിയത്. 43 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറുവശത്ത്, ബാക്‌ലെ നേരിട്ട 269-ാ പന്തിലായിരുന്നു ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 39 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
അതേസമയം, രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്നതും ആഗോളതലത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ വലിയ കൂട്ടുകെട്ടുമാണ് ഗോവൻ താരങ്ങള്‍ അടിച്ചെടുത്തത്. 2016-17 സീസണില്‍ മഹാരാഷ്‌ട്രയുടെ സ്വപ്‌നില്‍ സുഗലെയും അൻകിത് ബാവനെയും ചേര്‍ന്ന് അടിച്ച 594 റണ്‍സാണ് ഗോവൻ താരങ്ങള്‍ മറികടന്നത്. 2006ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മഹേള ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും പടുത്തുയര്‍ത്തിയ 624 റണ്‍സ് കൂട്ടുകെട്ടാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന പാര്‍ട്‌ണര്‍ഷിപ്പ്.