ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനുശേഷം പഞ്ചാബ് കിംഗ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. 2014 ലാണ് പഞ്ചാബ് അവസാനമായി പ്ലേ ഓഫിൽ എത്തിയത്. എന്നാല്‍ അന്ന് കിരീടപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പഞ്ചാബ് തോൽവി ഏറ്റുവാങ്ങി. അതേസമയം ഇത്തവണ പഞ്ചാബിന് പ്ലേ ഓഫിലേയ്ക്ക് യോഗ്യത ലഭിച്ചതോടെ നായകന്‍ ശ്രേയസിനെ തേടി മറ്റൊരു നേട്ടവുമെത്തി. ഐപിഎല്ലിന്‍റെ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേയ്ക്ക് നയിക്കുന്ന ആദ്യത്തെ ക്യാപ്‌റ്റനായി ശ്രേയസ് മാറി.
കഴിഞ്ഞ വർഷം കെകെആറിനായി ശ്രേയസ് കിരീടം നേടുകയും 2020 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ (എംഐ) ഫൈനൽ ഉൾപ്പെടെ രണ്ട് തവണ ഡൽഹി ക്യാപിറ്റൽസിനെ പ്ലേഓഫിലേക്ക് നയിക്കുകയും ചെയ്‌ത താരമാണ് ശ്രേയസ് അയ്യര്‍. ഈ സീസണിലാണ് താരം കൊൽക്കത്ത വിട്ട് പഞ്ചാബിലേക്ക് ചേക്കേറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Playoffs Calling 📞 🤩
— IndianPremierLeague (@IPL) May 18, 2025
A long wait ends for Punjab Kings as they secure the all-important 𝐐 ❤
Will they clinch a 🔝 2️⃣ finish? #TATAIPL | #DCvGT | @PunjabKingsIPL pic.twitter.com/s12W5GOvwP
2025 മെഗാ ലേലത്തിൽ പഞ്ചാബ് 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായും താരം മാറി. ഈ സീസണിലെ മറ്റ് വിലയേറിയ കളിക്കാരിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രകടനമാണ് താരം കാഴ്‌ചവച്ചത്. 12 മത്സരങ്ങളിൽ നിന്ന് 48.33 എന്ന മികച്ച ശരാശരിയിൽ 435 റൺസും 174.70 സ്ട്രൈക്ക് റേറ്റിൽ നാല് അർദ്ധസെഞ്ച്വറിയും ശ്രേയസ് നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ബാറ്റര്‍ നിക്കോളാസ് പൂരന് (34) ശേഷം നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് ശ്രേയസ് (27).
പഞ്ചാബിന് 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റാണുള്ളത്. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ പ്ലേഓഫിലേക്ക് യോഗ്യത നേടി. ഫൈനലിലെത്താൻ ഒരു അധിക അവസരം ലഭിക്കുന്നതിനായി പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുക എന്നതാണ് ടീമിന്‍റെ ലക്ഷ്യം. നിലവില്‍ പഞ്ചാബിന് അവരുടെ ആദ്യ ഐപിഎൽ കിരീടം നൽകാൻ ശ്രേയസ് അയ്യർക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കുന്നത്.