ലാഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎൽ) കളിക്കുന്നതിനായി പാകിസ്ഥാൻ സൂപ്പർ ലീഗിന്‍റെ (പിഎസ്‌എല്‍) വരാനിരിക്കുന്ന സീസണിൽ നിന്ന് പിന്മാറിയതിന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിന് ലീഗല്‍ നോട്ടിസ് അയച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലീഗിൽ നിന്ന് പിന്മാറിയതിന്‍റെ പ്രത്യാഘാതങ്ങൾ വിവരിച്ചുകൊണ്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ പിസിബി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"കോർബിൻ ബോഷിന്‍റെ ഏജന്‍റ് വഴിയാണ് ലീഗല്‍ നോട്ടിസ് നല്‍കിയത്. പ്രൊഫഷണൽ, കരാർ പ്രതിബദ്ധതകളിൽ നിന്ന് പിന്മാറിയതിന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിൽ നിന്ന് പിന്മാറിയതിന്‍റെ പ്രത്യാഘാതങ്ങൾ പിസിബി മാനേജ്മെന്‍റ് അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ അദ്ദേഹത്തിന്‍റെ പ്രതികരണം പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ പിസിബി കൂടുതൽ അഭിപ്രായങ്ങൾ പറയില്ല" പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവനയിൽ അറിയിച്ചു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണ ഐപിഎല്ലിന് സമാന്തരമായാണ് പിഎസ്‌എല്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പാകിസ്ഥാനെതിരെ നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ബോഷിനെ, ജനുവരി 13 ന് ലാഹോറിൽ നടന്ന പിഎസ്‌എല്‍ പ്ലെയേഴ്‌സ് ഡ്രാഫ്റ്റിൽ പെഷവാർ സാൽമി ഡയമണ്ട് വിഭാഗത്തിൽ തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ പരിക്കേറ്റ് പുറത്തായ ലിസാദ് വില്യംസിന് പകരക്കാരനായി 30-കാരനായ കോർബിൻ ബോഷ് ടീമിലേക്ക് എത്തിച്ചതായി ഈ മാസം ആദ്യമാണ് മുംബൈ ഇന്ത്യന്‍സ് അറിയിച്ചത്.
അതേസമയം ഇതാദ്യമായാണ് ഐപിഎല്ലിന് സമാന്തരമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഎസ്‌എല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. മാർച്ച് 22 മുതൽ മെയ് 25 വരെയാണ് ഐപിഎല്‍ നടക്കുക. ഏപ്രിൽ 11 മുതൽ മെയ് 25 വരെയാണ് പിഎസ്എൽ അരങ്ങേറുക.
ALSO READ: ടെസ്റ്റ് ടീമിലേക്കില്ലെന്ന് വരുണ്‍ ചക്രവര്‍ത്തി; കാരണമിതാണ്....
ചാമ്പ്യൻസ് ട്രോഫിയും പാകിസ്ഥാന്‍റെ മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങളും കാരണമാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിന്ന് ഏപ്രിൽ-മെയ് മാസങ്ങളിലേക്ക് പിഎസ്എൽ വിൻഡോ മാറ്റേണ്ടിവന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാത്ത നിരവധി വിദേശ കളിക്കാരെ പിന്നീട് പിഎസ്‌എല്ലിനായി സൈന്‍ ചെയ്‌തിരുന്നു.