പാരിസ്: ഒളിമ്പിക്‌സിലെ വേഗക്കാരിയെ കണ്ടെത്താനുള്ള 100 മീറ്റര്‍ പോരാട്ടത്തില്‍ ലോകചാമ്പ്യനെ പിന്നിലാക്കി സ്വര്‍ണം നേടി സെന്‍റ് ലൂസിയക്കാരിയായ ജൂലിയൻ ആല്‍ഫ്രഡ്. നിലവിലെ ലോക ചാമ്പ്യൻ അമേരിക്കയുടെ ഷാകെറി റിച്ചാര്‍ഡ്‌സണ്‍ 10.87 സെക്കൻഡില്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ജൂലിയൻ ആല്‍ഫ്രഡിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത് 10.72 സെക്കൻഡാണ്. അമേരിക്കയുടെ തന്നെ മെലിസ ജെഫേഴ്‌സണാണ് (10.92) വെങ്കലം നേടിയത്.
കരീബിയൻ ദ്വീപ് രാജ്യമായ സെന്‍റ് ലൂസിയ ഒളിമ്പിക്‌സില്‍ നേടുന്ന ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്. 2024ലെ ലോക ഇൻഡോര്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ 60 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് ജൂലിയൻ ആല്‍ഫ്രഡ്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും താരത്തിന് സ്വന്തമാക്കാനായിരുന്നു.
വനിതകളുടെ 100 മീറ്റര്‍ പോരാട്ടത്തില്‍ യുഎസിന്‍റെ ഷാകെറി റിച്ചാര്‍ഡ്‌സണും ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, രണ്ട് പ്രാവശ്യം ഒളിമ്പിക്‌സ് ചാമ്പ്യനായ ഷെല്ലി സെമിഫൈനലിന് മുന്‍പ് മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതോടെ, എല്ലാവരുടെയും ശ്രദ്ധ ഷാകെറിയിലേക്ക് മാത്രമായിരുന്നു.
എന്നാല്‍, ആദ്യ സെമി ഫൈനലില്‍ തന്നെ ലോകചാമ്പ്യനായ ഷാകെറിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ജൂലിയൻ ആല്‍ഫ്രഡ് കലാശക്കളിയിലും പോരാട്ടം കനപ്പിക്കുമെന്ന സൂചന നല്‍കി. ഫൈനലില്‍ യുഎസിന്‍റെ മൂന്ന് താരങ്ങള്‍ക്കൊപ്പവും ജമൈക്കയുടെ ഒരു താരത്തിനൊപ്പവുമാണ് ജൂലിയൻ ആല്‍ഫ്രഡ് മത്സരിച്ചത്. കലാശപ്പോരിന്‍റെ തുടക്കം തന്നെ മികച്ചതാക്കിയ താരം സ്വര്‍ണവര തൊടുന്നത് വരെ ആ മികവ് തുടര്‍ന്നു. തുടക്കം പാളിയെങ്കിലും പിന്നീടായിരുന്നു ഷാകെറിയും ഓടിക്കയറിയത്.
ഷെല്ലി ആൻ ഫ്രേസറുടെ പിന്മാറ്റം...? ഒളിമ്പിക്‌സ് ട്രാക്കിനെ ഞെട്ടിക്കുന്നതായിരുന്നു സെമി ഫൈനലിന് മുന്‍പായി മുൻ ചാമ്പ്യനായ ഷെല്ലിയുടെ അപ്രതീക്ഷിത പിന്മാറ്റം. മത്സരത്തിന് മുന്നോടിയായി സ്റ്റേഡ് ഡി പാരിസ് അത്‌ലറ്റിക് സ്റ്റേഡിയത്തിന്‍റെ വാം അപ്പ് മേഖലയിലേക്ക് ഷെല്ലിയ്‌ക്കും ഷകാരിയ്‌ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതോടെ, വാം അപ്പിന് വേണ്ടി മറ്റൊരു സ്ഥലത്തേക്ക് ഇരുവര്‍ക്കും പോകേണ്ടി വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഷെല്ലി ആൻഫ്രേസര്‍ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : 'മെന്‍റല്‍ ട്രെയ്‌നറോ സൂപ്പര്‍ കോച്ചോ ഉണ്ടായിരുന്നില്ല; ഇന്ത്യന്‍ ടീം പോരാടിയത് പരിമിതികള്‍ക്കിയില്‍ നിന്ന്'