ബെംഗളൂരു: ഐപിഎല്‍ സീസണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സാണ് നേടിയത്.
മറുപടിക്ക് ഇറങ്ങിയ ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. കെഎല്‍ രാഹുലിന്‍റെ ക്ലാസിക് ഇന്നിങ്‌സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. 53 പന്തുകളില്‍ പുറത്താവാതെ 93 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 23 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും തിളങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കോര്‍ ബോര്‍ഡില്‍ 58 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡല്‍ഹിക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഫാഫ് ഡുപ്ലെസിസ് (2), ജെയ്‌ക് ഫ്രേസര്‍ മക്‌ഗൂര്‍ക് (7), അഭിഷേക് പോറല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരാണ് നിരാശപ്പെടുത്തിയത്. പിന്നീട് ഒന്നിച്ച രാഹുല്‍- സ്റ്റബ്‌സ് സഖ്യം പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 111 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ടീമിന്‍റെ വിജയം ഉറപ്പിച്ചത്.
ആറ് സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതാണ് രാഹുലിന്‍റെ ഇന്നിങ്‌സ്. സ്റ്റബ്‌സ് നാല് ഫോറുകളും ഒരു സിക്‌സും നേടി. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. നേരത്തെ, ഫില്‍ സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37*), രജത് പടിദാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22) എന്നിവരുടെ പ്രകടമാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.
ഡല്‍ഹിക്കായി വിപ്രജ് നിഗം രണ്ട് വിക്കറ്റുകള്‍ നേടി. ബെംഗളൂരുവിനെയും തോല്‍പ്പിച്ചതോടെ സീസണില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും വിജയിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. സീസണില്‍ മറ്റ് ടീമുകളെല്ലാം ഇതുവരെ ഒരു മത്സരത്തിലെങ്കിലും പരാജയപ്പെട്ടവരാണ്.
ALSO READ: ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ്..! ആറ് ടീമുകള്‍, ടി20 ഫോര്‍മാറ്റ്; കൂടുതല്‍ വിവരങ്ങള്‍ ഇതാ..
നാല് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ഡല്‍ഹിക്കുള്ളത്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ടീം. ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത് തുടരുന്നത്. അഞ്ചില്‍ നാല് വിജയം നേടിയ ഗുജറാത്തിനും എട്ട് പോയിന്‍റാണുള്ളത്. മികച്ച നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ഒന്നാമതുള്ളത്.