ന്യൂഡൽഹി : ഒളിമ്പിക്‌സ് മെഡൽ ജേതാവിനെപ്പോലെ വിനേഷ് ഫോഗട്ടിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ ബഹുമാനവും പാരിതോഷികങ്ങളും സൗകര്യങ്ങളും താരത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു ഹരിയാന മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
'ഹരിയാനയുടെ ധീരയായ മകൾ വിനേഷ് ഫോഗട്ട് മികച്ച പ്രകടനത്തിലൂടെ ഒളിമ്പിക്‌സ് ഫൈനലിൽ കടന്നു. എന്നാൽ ചില കാരണങ്ങളാൽ അവൾക്ക് ഒളിമ്പിക്‌സ് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവൾ നമുക്കെല്ലാവർക്കും ഒരു ചാമ്പ്യനാണ്. വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യാനും അഭിനന്ദിക്കാനും സർക്കാർ തീരുമാനിച്ചു. ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് ഹരിയാന സർക്കാർ നൽകുന്ന എല്ലാ ആദരവും പാരിതോഷികങ്ങളും സൗകര്യങ്ങളും താരത്തിന് നന്ദിപൂർവം നൽകും. വിനേഷ് നിങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്!" - നയാബ് സിങ് സൈനി എക്‌സിൽ കുറിച്ചു.
അതേസമയം പാരിസ് ഒളിമ്പിക്‌സിൽ ഗുസ്‌തി രംഗത്ത് കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. 50 കിലോഗ്രാം വനിത ഗുസ്‌തി മത്സരത്തിൽ നിന്ന് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് മത്സരത്തിൽ നിന്നും താരം അയോഗ്യയാക്കപ്പെട്ടത്. ഫൈനലിൽ അമേരിക്കയുടെ സാറാ ആൻ ഹിൽഡെബ്രാൻഡിനെയായിരുന്നു വിനേഷ് നേരിടാനായിരുന്നത്. ഓഗസ്റ്റ് 6-ന് നടന്ന സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്‌മാൻ ലോപ്പസിനെ 5-0 ന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിൽ കടന്നത്. പാരിസ് ഒളിമ്പിക്‌സിൽ നിലവിൽ മൂന്ന് മെഡലുകളാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്.
Also Read: 'ഇത് കളിയുടെ ഭാഗമാണ്'; അയോഗ്യതയില്‍ പ്രതികരിച്ച് വിനേഷ് ഫോഗട്ട്