ബോൾട്ടിനെ തിരുത്തുമോ ഗൗട്ട്? ലോക അത്‌ലറ്റിക്‌സിൽ 17 കാരനെ ഉറ്റുനോക്കി കായികലോകം
അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിലെ ഏറ്റവും മികച്ച ഏഴ് സമയങ്ങളിൽ ഒന്ന് ഗൗട്ടിൻ്റെ പേരിലാണ്. 16ആം വയസ്സിൽ 200 മീറ്റർ 20.04 സെക്കൻഡിൽ ഓടി 50 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയൻ റെക്കോർഡ് ഗൗട്ട് തിരുത്തിയിരുന്നു.

Published : September 12, 2025 at 9:07 PM IST
ടോക്കിയോ: ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ടോക്കിയോവിൽ തുടങ്ങാനിരിക്കെ ലോക കായിക വേദിയാകെ ഉറ്റു നോക്കുന്നത് ഓസ്‌ട്രേലിയയിൽ നിന്നുള്ള 17കാരനെയാണ്. ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിനെ ഓർമിപ്പിച്ചുകൊണ്ടാണ് ഗൗട്ട് ഗൗട്ട് എന്ന കൗമാരക്കാരൻ ട്രാക്കിൽ കുതിക്കുന്നത്. ചെക് റിപബ്ലിക്കിലെ ഒസ്ട്രാവയിൽ ഈ വർഷം ജൂൺ അവസാനം നടന്ന ഗോൾഡൻ സ്പെക് മീറ്റിൽ 200 മീറ്റർ 20.2 സെക്കൻഡിൽ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിൻ്റെ പ്രകടനം പാശ്ചാത്യ മാധ്യമങ്ങൾ ബോൾട്ടിൻ്റെ ഓട്ടത്തോടാണ് താരതമ്യം ചെയ്തത്.
50 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയ ഗൗട്ട്
ഓസ്‌ട്രേലിയയിലെ സീനിയർ സ്കൂൾ വിദ്യാർഥിയായ ഈ 17കാരന് യൂറോപ്യൻ മണ്ണിലെ ആദ്യ വിജയമാണിത്. മുൻപ് രണ്ടുതവണ 20 സെക്കൻഡിൽ താഴെ സമയത്ത് 200 മീറ്റർ ഓടിയിട്ടുണ്ടെങ്കിലും കാറ്റിൻ്റെ ആനുകൂല്യം കൂടുതലായതിനാൽ ആ കണക്ക് രേഖപ്പെടുത്തിയില്ല.

അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തിലെ ഏറ്റവും മികച്ച ഏഴ് സമയങ്ങളിൽ ഒന്ന് ഗൗട്ടിൻ്റെ പേരിലാണ്, ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്. ദക്ഷിണ സുഡാനിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ദമ്പതിമാരുടെ മകനാണ് ഗൗട്ട്. 16ആം വയസിൽ, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അൻപത് വർഷം പഴക്കമുള്ള ഓസ്‌ട്രേലിയൻ ദേശീയ റെക്കോർഡ് തിരുത്തി.
2008ലെ തൻ്റെ ട്രാക്കിലെ ഓർമകളോടാണ് ഉസൈൻ ബോൾട്ട് ഈ കൗമാരക്കാരൻ്റെ പ്രകടനത്തെ താരതമ്യം ചെയ്തത്. 1968ലെ മെക്സിക്കോ ഒളിമ്പിക്സിൽ പീറ്റർ നോർമൻ കുറിച്ച 200 മീറ്റർ റെക്കോർഡ് തകർത്ത ഗൗട്ടിൻ്റെ പ്രകടനങ്ങൾക്കായി ടോക്കിയോയിൽ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് വേദി കാത്തിരിക്കുന്നു.

ഭാവി പ്രതീക്ഷകൾ
ജൂനിയർ വിഭാഗത്തിൽനിന്ന് സീനിയർ വിഭാഗത്തിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ എളുപ്പമാകില്ലെന്നും അതിനാൽ ഇപ്പോൾ നേടാവുന്നതെല്ലാം സ്വന്തമാക്കണമെന്നും ബോൾട്ട് ഗൗട്ടിനോട് പറയുന്നു. ഒളിമ്പിക് കിരീടങ്ങൾ നേടുക എന്നത് ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്നും ഈ പ്രായത്തിൽ താൻ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സീനിയർ വിഭാഗത്തിലെത്തിയപ്പോൾ കാര്യങ്ങൾ അത്രകണ്ട് എളുപ്പമായിരുന്നില്ലെന്നും ഉസൈൻ ബോൾട്ട് കൂട്ടിച്ചേർത്തു. ഇത്തവണ സീനിയർ വിഭാഗത്തിലാണ് ഗൗട്ടിൻ്റെ അരങ്ങേറ്റം.

2032ലെ ബ്രിസ്ബേൻ ഒളിമ്പിക്സിൽ സ്വന്തം മണ്ണിൽ സ്വർണം നേടാൻ ഗൗട്ട് യോഗ്യനാണെന്നാണ് ഓസ്‌ട്രേലിയക്കാർ കരുതുന്നത്. 1984ൽ ലോക കായികമേള ലോസ് ആഞ്ചൽസിലേക്ക് വന്നപ്പോൾ അമേരിക്കൻ പ്രതീക്ഷകൾ കാൾ ലൂയിസിലായിരുന്നെങ്കിൽ, ഇന്ന് അത് ഗൗട്ടിലാണ്. 200 മീറ്ററിൽ ലോക ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കുന്ന 17കാരനായ ഗൗട്ടിൽ അവർക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
റെക്കോർഡുകളും താരതമ്യങ്ങളും
സോഷ്യൽ മീഡിയയിൽ ഗൗട്ടിൻ്റെ മികച്ച പ്രകടനങ്ങളും നേട്ടങ്ങളും വൈറലാണ്. ഗൗട്ടിൻ്റെ ഉയരവും സ്വർണനേട്ടങ്ങളുമാണ് ഉസൈൻ ബോൾട്ടുമായി താരതമ്യം ചെയ്യാൻ പ്രധാന കാരണം. 20.04 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കിയ ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡിലാണ് ഗൗട്ട് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. 19.84 സെക്കൻഡിലാണ് ഓസ്‌ട്രേലിയൻ കൗമാരക്കാരൻ ഫിനിഷ് ചെയ്തത്.

അരങ്ങേറ്റ മത്സരവും സീനിയർ വിഭാഗവും മുന്നിലുള്ളതുകൊണ്ടാകാം, സാക്ഷാൽ ഉസൈൻ ബോൾട്ട് തന്നെ ഉപദേശവും മുന്നറിയിപ്പുമായി രംഗത്തുവന്നത്. 2025 ഏപ്രിലിൽ അണ്ടർ-20 200 മീറ്ററിൽ ലോക റെക്കോർഡ് നേടിയാണ് ഗൗട്ട് ശ്രദ്ധ നേടിയത്. ഈ പ്രകടനത്തിൽ 19.84 സെക്കൻഡിൽ ഓടി ഉസൈൻ ബോൾട്ടിൻ്റെ മുൻ റെക്കോർഡ് മറികടന്നു. 2024ൽ 16 വയസുള്ളപ്പോൾ അണ്ടർ-18 ലോക റെക്കോർഡ് 200 മീറ്ററിൽ 20.04 സെക്കൻഡിൽ ഓടി, അതേ പ്രായത്തിലെ ബോൾട്ടിൻ്റെ 20.13 സെക്കൻഡ് എന്ന റെക്കോർഡ് ഗൗട്ട് മറികടന്നു. ഇതോടെ ലോകം ആരാണ് ആ കൗമാരക്കാരൻ എന്ന് അന്വേഷിക്കാൻ തുടങ്ങി.

ഈ അന്വേഷണങ്ങൾ പിന്നീട് സോഷ്യൽ മീഡിയ ചർച്ചകളിലേക്കും വൈറൽ വിഡിയോകളിലേക്കും വഴിമാറി. 1984ലെ കാൾ ലൂയിസ് മുതൽ 2025ലെ ഗൗട്ട് ഗൗട്ട് വരെ, കായികലോകത്തെ അമ്പരപ്പിക്കുന്ന സംഭാവനകൾക്ക് നാളെ നടക്കുന്ന അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് കാരണമാകട്ടെ.
കാൾ ലൂയിസ്: ഒരു ഇതിഹാസ താരം
1984ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക്സ് കാൾ ലൂയിസെന്ന പേരിലാണ് ഓർമിക്കപ്പെടുന്നത്. കന്നി ഒളിമ്പിക്സിൽ നാല് സ്വർണം നേടി ഫ്രെഡറിക് കാൾട്ടൺ ലൂയിസ് എന്ന കാൾ ലൂയിസ് ചരിത്രത്തിലേക്ക് ഓടിക്കയറി. ഓട്ടം, ലോങ് ജമ്പ്, ഫോർ ഹൺഡ്രഡ് മീറ്റർ റിലേ തുടങ്ങിയ ഇനങ്ങളിൽ അദ്ദേഹം സ്വർണമെഡലുകൾ സ്വന്തമാക്കി. പിന്നീട് നടന്ന മൂന്ന് ഒളിമ്പിക്സുകളിലും സ്വർണം നേടി കാൾ ലൂയിസ് തൻ്റെ കായിക ജീവിതം കൂടുതൽ തിളക്കമുള്ളതാക്കി.

1979 മുതൽ 1996 വരെ നീണ്ട കായിക ജീവിതത്തിൽ ഒൻപത് സ്വർണമുൾപ്പെടെ 10 ഒളിമ്പിക് മെഡലുകളും എട്ട് സ്വർണമുൾപ്പെടെ 10 ലോക ചാമ്പ്യൻഷിപ് മെഡലുകളും കാൾ ലൂയിസ് നേടി. 80കളിലെ അമേരിക്കൻ ചാമ്പ്യൻ 41 വർഷങ്ങൾക്കിപ്പുറവും ഓർമിക്കപ്പെടാൻ പല കാരണങ്ങളുണ്ട്. 2008ലെ ഉസൈൻ ബോൾട്ട് തരംഗത്തിലും 2024ലെ ഗൗട്ട് ഗൗട്ട് ഇഫക്‌റ്റിലുമെല്ലാം കായിക ഇതിഹാസങ്ങളുടെ പേര് വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. കൗമാരക്കാരുടെ ചുറുചുറുക്കും റെക്കോർഡുകളും 1984 മുതൽ 2025 വരെ താരതമ്യങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.

വേഗത്തിൻ്റെ രാജാവ്
കാൾ ലൂയിസിനുശേഷം മറ്റൊരു ഇതിഹാസം ലോക കായിക പ്രേമികളുടെ ഇടയിലേക്ക് ഓടിക്കയറി. വേഗത്തിൻ്റെ രാജാവെന്ന് ലോകം വിളിച്ച ആ ജമൈക്കൻ താരമാണ് ഉസൈൻ ബോൾട്ട്. ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡുകൾ കായിക ലോകത്ത് എന്നും ചർച്ചാവിഷയമാണ്. കാൾ ലൂയിസിനുശേഷം ഉസൈൻ എന്ന് പലരും വിശേഷിപ്പിച്ചെങ്കിലും 2008ലെ ഉസൈൻ്റെ പ്രകടനങ്ങൾ 2025ൽ മറ്റൊരാളുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്, ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡ് തകർത്ത ഗൗട്ട് ഗൗട്ട്.

