ബെംഗളുരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി)വിന്‍റെ ഐ പി എല്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലു തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിംഗ് ആന്‍ഡ് റവന്യു മേധാവി അറസ്റ്റില്‍. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് നിഖിൽ സൊസാലെയെ വെള്ളിയാഴ്ച ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടിയുടെ സംഘാടകരായ ഡിഎൻഎ എന്‍റര്‍ടൈൻമെന്‍റ് നെറ്റ്‌വർക്കിലെ ജീവനക്കാരായ കിരൺ കുമാർ (സീനിയർ ഇവന്‍റ് മാനേജർ), സുനിൽ മാത്യു (വൈസ് പ്രസിഡന്‍റ് - ബിസിനസ് അഫയേഴ്‌സ്) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവിനെ തുടർന്നാണ് ആർസിബിയുടെയും ഡിഎൻഎയുടെയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തത്. ജൂൺ 4 ബുധനാഴ്ച ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെ തുടർന്നാണ് തീരുമാനം.
ഇതിനുപുറമെ, ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ, അഡീഷണൽ കമ്മീഷണർ (വെസ്റ്റ്) വികാസ് കുമാർ വികാസ്, ഡിസിപി (സെൻട്രൽ) ശേഖർ എച്ച് ടെക്കണ്ണവർ, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നിരവധി ഉന്നത പൊലീസു ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്‌തു.
സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 115(2) (സ്വമേധയാ പരിക്കേൽപ്പിക്കൽ), 118(1) (അപകടകരമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 3(5) (പൊതു ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കൽ), 190 (നിയമവിരുദ്ധമായി സംഘം ചേരൽ), 132 (പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ക്രിമിനൽ ബലപ്രയോഗം), 125(എ) (തെറ്റായ സത്യവാങ്മൂലം സമർപ്പിക്കൽ), 125(ബി) (മനുഷ്യജീവന് അപകടമുണ്ടാക്കുന്ന അശ്രദ്ധമായ പ്രവൃത്തികൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം കബ്ബൺ പാർക്ക് പോലീസ് ഫയൽ ചെയ്‌ത എഫ്‌ഐആറിൽ പോലീസ് സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി എന്നാണ് പറയുന്നത്.
ആര്‍സിബിയുടെ വിജയാഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 3ന് വൈകുന്നേരം ആറുമണിക്ക് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശുഭേന്ദു ഘോഷ് പൊലിസിന് അപേക്ഷ നല്‍കിയിരുന്നു. ആര്‍ സി ബി വിജയിച്ചാല്‍ രാത്രി മുഴുവന്‍ ആഘോഷം ഉണ്ടാകുമെന്നും അതിനായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
അതേസമയം സുരക്ഷാ നടപടികള്‍ ക്രമീകരിക്കാന്‍ സമയം ആവശ്യമാണെന്നും അതുകൊണ്ട് തന്നെ പൊലിസ് അനുമതി നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ജൂണ്‍ നാലിന് നടത്താനിരുന്ന വിജയാഘോഷ പരിപാടിക്ക് ആര്‍ സിബി, ഡി എന്‍ എ, കെ എസ് സി എന്നിവ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പറയുന്നത്.
പിന്നീട് ബെംഗളൂരു പോലീസ് കമ്മീഷണറിൽ നിന്ന് അനുമതി തേടുകയും സുരക്ഷാ നടപടികള്‍ക്ക് തയാറാകുകയുമായിരുന്നു. എല്ലായിടത്തും ബെംഗളുരു നഗരത്തിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ എത്തിച്ചു. പരിപാടിക്കായി സുരക്ഷ ഒരുക്കിയിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു.
പോലീസ് പരിശീലന കേന്ദ്രത്തിൽ നിന്നും കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിൽ നിന്നും (കെഎസ്ആർപി) കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ചിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ ട്രാഫിക് പൊലീസിനെ നിയമിച്ചു. ആർസിബി താരങ്ങള്‍ എത്തിയ എച്ച്എഎൽ വിമാനത്താവളത്തിലും അവർ താമസിക്കുന്ന സ്റ്റാർ ഹോട്ടലിലും സുരക്ഷ ഒരുക്കിയിരുന്നു. മാത്രമല്ല താരങ്ങള്‍ക്ക് പ്രത്യേക പൈലറ്റ് എസ്കോർട്ടുകൾ ഒരുക്കിയിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
ആർസിബി, ഡിഎൻഎ, കെഎസ്‌സിഎ എന്നിവ ഒത്തുകൂടിയ ആരാധകർക്ക് എങ്ങനെ പ്രവേശനം നൽകണമെന്ന് തീരുമാനിക്കുന്നതിൽ പരാജയപ്പെട്ടു. വലിയ സംഘങ്ങൾ ഉള്ളിടത്തെല്ലാം ഗേറ്റുകൾ തുറക്കുകയും ആളുകൾ അകത്തേക്ക് നീങ്ങുമ്പോൾ തിക്കിലും തിരക്കിലും പെട്ടു. പോലീസ് ഉദ്യോഗസ്ഥരും കെഎസ്‌സിഎ ജീവനക്കാരും വിഐപി സുരക്ഷാ ജീവനക്കാരും ജനക്കൂട്ടത്തെ നിയന്ത്രിച്ചു, ഇരകളെ പുറത്തെത്തിക്കുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
വൈകുന്നേരം 5.45 ന് ആരംഭിച്ച ആഘോഷ പരിപാടിക്ക് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നുവെന്നും എല്ലാ താരങ്ങള്‍ക്കും വി ഐപികള്‍ക്കും സുരക്ഷ ഒരുക്കിയിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.