പോഷകങ്ങളുടെ പവർ ഹൗസാണ് ഉരുളകിഴങ്ങ്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മമാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഉരുളകിഴങ്ങ് ബെസ്റ്റാണ്. വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് രോമകൂപങ്ങൾ പോഷിപ്പിക്കാൻ വളരെയധികം സഹായിക്കും. ഉരുളക്കിഴങ്ങിൽ മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ള ഫ്ലേവനോയ്‌ഡുകൾ അടങ്ങിയിട്ടുണ്ടെന്ന് ജേണൽ ഓഫ് എത്ത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് ആരോഗ്യകരമായ തലയോട്ടി നിലനിർത്താനും താരൻ, വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കും. മുടിയുടെ ആരോഗ്യകരമായ വളർച്ച പ്രോത്സാഹിപ്പിക്കാനും മുടിയെ മൃദുവും മിനുസവും സിൽക്കിയുമായി നിലനിർത്താൻ ഉരുളകിഴങ്ങ് ഗുണം ചെയ്യും. കേശ സംരക്ഷണത്തിനായി ഉരുളകിഴങ്ങ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഒന്ന്
1 കപ്പ് ഉരുളക്കിഴങ്ങ് നീരിലേക്ക് 1 ടേബിൾ സ്‌പൂൺ തേനും 1 മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
രണ്ട്
2 ടീസ്‌പൂൺ ഉരുളക്കിഴങ്ങ് നീരിലേക്ക് അര ടീസ്‌പൂൺ ഗ്ലിസറിൻ, അര ടീസ്‌പൂൺ അസംസ്‌കൃത മിൽക്ക് ക്രീം, അഞ്ചോ ആറോ തുള്ളി തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ശേഷം കണ്ടീഷണർ ഉപയോഗിച്ച് വീണ്ടും കഴുകുക.
മൂന്ന്
ഒരു ഉരുളക്കിഴങ്ങിന്‍റെ നീരിലേക്ക് 1 ടേബിൾ സ്‌പൂൺ നാരങ്ങ നീര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 20 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. തലയോട്ടിയിലെ എണ്ണ ഉത്പാദനം സന്തുലിതമാക്കാനും മുടിയിലെ അധിക എണ്ണമയം കുറയ്ക്കാനും ഇത് സഹായിക്കും.
നാല്
ഒരു ഉരുളക്കിഴങ്ങിന്‍റെ നീരിലേക്ക് 2 ടേബിൾ സ്‌പൂൺ കറ്റാർവാഴ ജെൽ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്‌ത് 30 മിനിറ്റ് വിശ്രമിക്കാം. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളർച്ച മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി കൊഴിച്ചിലിൽ തടയാം ഈസിയായി; ചെയ്യേണ്ടത് ഇത്രമാത്രം