അഴകാർന്ന നീളൻ മുടി ഇഷ്‌ടപ്പെടാത്തവരുണ്ടോ ? പരസ്യങ്ങളിലേത് പോലെ നീളമുള്ള മുടി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ബഹുഭൂരിപക്ഷം സ്ത്രീകളും. എന്നാൽ താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടിപോകൽ, വരണ്ട മുടി എന്നീ കേശസംബന്ധമായ വിവിധ പ്രശ്‌നങ്ങൾ മൂലം മുടിയുടെ നീളവും കട്ടിയും സൗന്ദര്യവുമെക്കെ നഷ്‌ടമാകാറുണ്ട്. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഭംഗിയുള്ള നീണ്ട മുടിയിഴകൾ സ്വന്തമാക്കാൻ ആർക്കും സാധിക്കും. അത്തരത്തിൽ മുടിയുടെ വളർച്ച ഉത്തേജിപ്പിക്കാനും നീളൻ മുടി എന്ന സ്വപ്‍നം സഫലീകരിക്കരിക്കാനും സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.
വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയതിന് ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷമോ ഒരു രാത്രി കഴിഞ്ഞ് പിറ്റേന്നോ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ നാല് തവണയെങ്കിലും ഇത് ആവർത്തിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കും.
കറ്റാർവാഴ
ഫ്രഷ് കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇത് ആവർത്തിക്കുക.
ഉള്ളിനീര്
ഉള്ളി നീര് കൈവിരലുകൾ കൊണ്ട് തലയോട്ടിയിൽ നന്നായി പുരട്ടുക. അൽപ നേരം മൃദുവായി മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഉലുവ
രണ്ട് ടേബിൾ സ്‌പൂൺ ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ശിരോചർമ്മത്തിലും തലമുടിയിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. മുടി കൊഴിച്ചിൽ താരൻ എന്നിവ അകറ്റാനും ബെസ്‌റ്റാണിത്. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.
മുട്ട
ഒരു മുട്ട മിക്‌സി ജാറിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കാം. അൽപം ഒലിവ് ഓയിലോ തൈരോ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടി ഒരു ഷവർ ക്യപ്പോ ടവ്വലോ ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കാം. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് വീണ്ടും കഴുകാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : എന്തൊക്കെ ചെയ്‌തിട്ടും മുടിയിലെ പ്രശ്‌നങ്ങൾ മാറുന്നില്ലേ ? എങ്കിൽ കാരണം ഇതാകാം