വർഷങ്ങൾക്ക് മുമ്പേ ചർമ്മസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്ന ഒരു ചേരുവയാണ് റോസാപ്പൂക്കൾ. ഇന്നത്തെ കാലത്ത് പ്രണയം കൈമാറാനും അലങ്കരിക്കാനുമൊക്കെയാണ് ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇനി ആരെങ്കിലും റോസാപ്പൂക്കൾ നൽകിയാൽ വേണ്ടെന്ന് വയ്‌ക്കേണ്ട. ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ധാരാളമുള്ളതിനാൽ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ നേർത്ത വരകൾ, ചുളിവുകൾ, സൂര്യപ്രകശം മൂലമുണ്ടാകുന്ന കേടുപാടുകൾ എന്നിവ തടയാനും ഇത് ഗുണം ചെയ്യും.
റോസ് സത്തിൽ ചർമ്മത്തിലെ ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തിന്‍റെ പുതുമ നിലനിർത്താനും ഇത് ഉപകരിക്കും. വരണ്ട ചർമ്മമുള്ള ആളുകൾക്ക് റോസ് വാട്ടർ, റോസ് സെറം എന്നിവ മികച്ച ഒരു ഓപ്ഷനാണ്. റോസാപ്പൂവിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ വീക്കം, പ്രകോപനം എന്നിവ അകറ്റി ശാന്തമാക്കാൻ സഹായിക്കും. റോസ് വാട്ടറിൽ ആന്‍റ ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബാക്‌ടീരിയകളെയും ഫംഗസുകളെയും തടയാൻ സഹായിക്കുമെന്ന് ഫാർമകോഗ്നോസി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ചർമ്മത്തിലെ ചുവപ്പ് നിറം കുറയ്ക്കാനും ചർമ്മത്തിന്‍റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും. ചർമ്മത്തിലെ സുഷിരങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ചർമ്മത്തിലെ അമിത എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് ഫലപ്രദമാണ്. കൂടാതെ ചർമ്മത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള കഴിവും റോസാപ്പൂ സത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് പിങ്ക് ഗ്ലോ നൽകാൻ റോസ് വാട്ടർ ടോണർ ഉപയോഗിക്കുന്നത് ഗുണകരമാണ്. സൗന്ദര്യ സംരക്ഷണത്തിനും ചർമ്മത്തിന്‍റെ തിളക്കം വർധിപ്പിക്കാനും സഹായിക്കുന്ന റോസ് വാട്ടർ ടോണർ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ
- കറ്റാർവാഴ ജെൽ
- റോസ് വാട്ടർ
- റോസാപ്പൂവ്
- റോസ് എസെൻഷ്യൽ ഓയിൽ
- വിറ്റാമിൻ ഇ ക്യാപ്‌സൂൾ
തയ്യാറാക്കുന്ന വിധം
ഈ ടോണർ തയ്യാറാക്കാനായി ആദ്യം അര കപ്പ് അളവിൽ റോസാപൂക്കളുടെ ഇതളുകൾ ഉണക്കി പൊടിച്ചെടുക്കണം. ഒരു പാത്രത്തിലേക്ക് ഉണക്കി പൊടിച്ച റോസാപ്പൂവും രണ്ട് ടേബിൾ സ്‌പൂൺ കറ്റാർവാഴ ജെല്ലും 3 ടേബിൾ സ്‌പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അര ടീസ്‌പൂൺ റോസ് എസെൻഷ്യൽ ഓയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഒരു വിറ്റാമിൻ ഈ ക്യാപ്‌സൂൾ പൊട്ടിച്ചൊഴിച്ച് വീണ്ടും മിക്‌സ് ചെയ്യാം. റോസ് വാട്ടർ ടോണർ റെഡി.
എങ്ങനെ ഉപയോഗിക്കാം
മുഖവും കഴുത്തും വൃത്തിയായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ ടോണർ പുരട്ടുക. കുറച്ച് നേരം വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് ഉപയോഗിക്കാം. ചർമ്മത്തിലെ പാടുകൾ, ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചർമ്മ പ്രശ്‌നങ്ങളോട് വിട പറയാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ