രണ്ടുമാസത്തെ അവധിയില്‍ കളിച്ചുല്ലസിച്ച് നടന്ന കുട്ടികളെ ഉത്സഹാത്തോടെ സ്‌കൂളില്‍ എത്തിക്കാന്‍ പാടുപെടുന്ന രക്ഷിതാക്കളെ കണ്ടിട്ടില്ലേ! ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടാണെങ്കില്‍ പിന്നെ കാര്യം പറയുകയേ വേണ്ട. ഉറക്കം എണീക്കാന്‍ മടിക്കുന്ന കുട്ടിയെ ഒരുവിധത്തിലാവും എഴുന്നേല്‍പ്പിച്ചു കൊണ്ടുവരുന്നത്. പിന്നീട് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് പ്രാതല്‍ കഴിച്ചു തീര്‍ക്കുന്നതിന് മുന്‍പേ സ്‌കൂള്‍ ബസ് വന്ന് ഗേറ്റിനടുത്ത് എത്തിയിട്ടുണ്ടാവും. അപ്പോഴായിരിക്കും ബാഗ് എടുത്ത് വച്ചില്ലെന്ന് ഓര്‍ക്കുന്നത്. ഇങ്ങനെ നെട്ടോട്ടമോടി കുട്ടികളെ സമയത്ത് സ്‌കൂളില്‍ എത്തിക്കേണ്ടതുകൊണ്ട് തന്നെ രാവിലെ ജഗ പൊകയായിരിക്കും മിക്ക വീടുകളും. എന്നാലും എന്തെങ്കിലുമൊന്ന് മറന്നിട്ടുമുണ്ടാകും. എന്നാല്‍ കുട്ടികള്‍ കൃത്യസമയത്ത് ഉണരാനും ഉത്സഹാത്തോടെ പഠിക്കാനും സ്‌കൂളില്‍ പോകാനുമൊക്കെ ചില എളുപ്പ വഴികളിതാ.
നേരത്തെ എഴുന്നേല്‍പ്പിക്കാം

രണ്ടുമാസത്തെ അവധി ലഭിച്ചതുകൊണ്ട് തന്നെ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതാവും രീതി. എന്നാല്‍ സ്‌കൂള്‍ തുറക്കുമ്പോഴായിരിക്കും ഈ ശീലങ്ങളെല്ലാം മാറി മറിയുന്നത്. സ്‌കൂള്‍ തുറന്നുകൊണ്ടു തന്നെ പതിവില്‍ നിന്ന് നേരത്തെ തന്നെ കുട്ടിയെ എഴുന്നേല്‍ക്കാന്‍ ശീലിപ്പിക്കണം. കുട്ടി മടി കാണിച്ചാലും ഇതില്‍ രക്ഷിതാക്കള്‍ വിട്ടുവീഴ്‌ച ചെയ്യരുത്. അതോടൊപ്പം പ്രഭാത കൃത്യങ്ങളും ചെയ്യിപ്പിക്കണം. രാത്രിയില്‍ കൃത്യസമയത്ത് ഉറങ്ങാനും ശീലിപ്പിക്കണം.
ഭക്ഷണം കഴിപ്പിക്കാം

അവധിക്കാലത്ത് കൃത്യസമയത്ത് ആയിരിക്കില്ല കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുണ്ടാവുക. അതുകൊണ്ട് തന്നെ രാവിലെ ഫ്രഷ് ആയി വന്നാല്‍ ഉടന്‍ പ്രഭാത ഭക്ഷണം നല്‍കണം. സമയമെടുത്തിട്ടാവും പല കുട്ടികളും ഭക്ഷണം കഴിച്ചു തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഭക്ഷണം കഴിക്കാന്‍ എടുക്കുന്ന സമയത്തെ കുറിച്ച് കൃത്യമായ ധാരണ മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം. അതിനനുസരിച്ച് നേരത്തെ ഭക്ഷണം നല്‍കാന്‍ ശ്രമിക്കണം. സമയം ക്രമീകരിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ശീലിക്കുന്നതിനോടൊപ്പം കുട്ടികള്‍ മുഴുവനായും കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. കഴിക്കുന്ന പാത്രം കഴുകി ശീലിപ്പിക്കണം. എന്നാല്‍ മാത്രമേ ലഞ്ച് ബോക്‌സും കഴുകി തിരികെ കൊണ്ടുവരാന്‍ അവര്‍ ശീലിക്കുകയുള്ളു.
ഉച്ച ഭക്ഷണവും സമയത്തിനുള്ളില്‍ കഴിക്കാന്‍ ശീലിപ്പിക്കണം. ഭക്ഷണാവശിഷ്‌ടങ്ങള്‍ വേസ്‌റ്റ് ബോക്‌സില്‍ മാത്രം നിക്ഷേപിക്കാനും നിര്‍ദേശിക്കണം. വെള്ളം കുടിക്കുന്നതിലും ചിട്ടയുണ്ടാവണം. ഇടനേരത്തിലുള്ള സ്‌നാക്‌സുകള്‍ വീട്ടില്‍ തന്നെ നിയന്ത്രണം വയ്ക്കണം.
ബാഗ് പാക് ചെയ്യാം

സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് തലേദിവസം തന്നെ കുട്ടിയുടെ ബാഗ് പാക്ക് ചെയ്യാന്‍ ശീലിപ്പിക്കണം. ഹോംവര്‍ക്കും അതത് ദിവസങ്ങളിലെ പാഠങ്ങളെല്ലാം പഠിച്ചു കഴിഞ്ഞാല്‍ അന്നു തന്നെ പിറ്റേദിവസത്തെ ടൈംടേബിള്‍ പ്രകാരം പുസ്‌തകങ്ങളും മറ്റു അവശ്യ സാമഗ്രികളും ബാഗിനുള്ളിലേക്ക് എടുത്തുവയ്ക്കാം. ഈ കൊണ്ടുപോകുന്ന സാമഗ്രികളൊക്കെ അതുപോലെ തിരിച്ചു കൊണ്ടുവരാനും നിര്‍ദേശിക്കാം. പുസ്‌തകം എടുത്തു വയ്ക്കാനും പൊതിയാനുമൊക്കെ എപ്പോഴും കുട്ടികളെയും ഒപ്പം കൂട്ടണം.
പഠിക്കാനുള്ള പ്രാത്സാഹനം

പഠിക്കുന്ന കാര്യത്തില്‍ എല്ലാ കുട്ടികളും ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ട് തന്നെ അവധികാലം കഴിയുമ്പോള്‍ അവര്‍ അക്ഷരങ്ങളൊക്കെ മറന്നു പോയെന്നിരിക്കാം. അത് എഴുതി ശീലിപ്പിക്കാം. കഥാപുസ്‌തകമോ പത്രമോ കൊടുത്തതിന് ശേഷം അതിലെ ഒരു പാരഗ്രാഫ് എഴുതി ശീലിപ്പിക്കാം. ഓരോ കുട്ടിയുടെയും പ്രായത്തിന് അനുസരിച്ച് വേണം ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍. ഇതിന് വേണ്ടി ഒരു പ്രത്യേക നോട്ട് ബുക്ക് തന്നെ വയ്ക്കാം. കുട്ടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയുമാവാം. ഇതിലെ ചെറിയ ചെറിയ ചോദ്യങ്ങളും കുട്ടിയോട് ചോദിക്കാം.
ഫോണ്‍/ ടിവി നിശ്ചിത സമയത്ത് മാത്രം

അവധികാലത്ത് വീഡിയോയും ഗെയിമുമൊക്കെയായിട്ടായിരിക്കും കുട്ടി സമയം ചെലവഴിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ആഹാരം കഴിക്കുമ്പോഴും മറ്റും കുട്ടി മൊബൈല്‍ ഫോണിനോ മറ്റ് വീഡിയോകളോ കാണാനായി വാശിപിടിച്ചെന്ന് വരാം. എന്നാല്‍ ഓരോ ദിവസത്തെ പഠിത്തമൊക്കെ കഴിഞ്ഞതിന് ശേഷം തന്നെ ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ സ്ക്രീന്‍ ടൈം അനുവദിക്കാവൂ. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ടിവി കാണാനും അനുവദിക്കുമെന്ന് കുട്ടികളോട് പറയാം. ഇത് കുട്ടികളില്‍ ഉത്സാഹമുണ്ടാക്കും.
Also Read:പോക്കറ്റ് കാലിയാകാതെ ഗോവയിലൊന്ന് കറങ്ങിയാലോ? അതും വെറും 400 രൂപയ്ക്ക്! ഇതാ ഒരു കിടിലന്‍ ട്രിപ്പ്