ആഗ്രഹിച്ച പോലുരു വീട് പണിത് കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും മുക്കിലും മൂലയിലും ഫർണിച്ചറുകളിലൊക്കെ ചിതലറിക്കുന്നത് സങ്കടകരമായ കാഴ്‌ചയാണ്. മഴക്കാലങ്ങളിലാണ് ചിതൽ ശല്യം കൂടുതലായി കണ്ടുവരാറുള്ളതെങ്കിലും വേനൽക്കാലത്തും ഇത് സാധാരണമാണ്. ചൂടും ഈർപ്പവും കലർന്ന അന്തരീക്ഷത്തിൽ ഇവയ്ക്ക് വേഗത്തിൽ വളരാൻ കഴിയും. കാഴ്ച്ചയിൽ തീരെ ചെറുതാണെങ്കുലും ചിതലുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്. അതിനാൽ ചിതലിനെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിതലിനെ നശിപ്പിക്കാനുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ.
ഓറഞ്ച് ഓയിൽ
ഓറഞ്ച് ഓയിലിൽ ഡി-ലിമോണീൻ എന്ന സ്വാഭാവിക രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചിതലിനെ ഇല്ലാതാക്കാൻ സഹായിക്കും. അതിനായി അൽപം ഓറഞ്ച് ഓയിൽ വെള്ളത്തിൽ ചേർത്ത് ചിതൽ ശല്യമുള്ള ഇടങ്ങളിൽ തളിക്കുക. തടിയിൽ കാണപ്പെടുന്ന ചിതലുകളെ നശിപ്പിക്കാൻ ഇത് വളരെയധികം അനുയോജ്യമാണ്.
വേപ്പെണ്ണ
വേപ്പെണ്ണ ചിതലിന്‍റെ ഹോർമോൺ സംവിധാനത്തെ തടസപ്പെടുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യും. ചിതൽ അരിച്ച തടിയിൽ വേപ്പെണ്ണ നേരിട്ട് പുരട്ടുകയോ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച ശേഷം തളിക്കുകയോ ചെയ്യാം. ഇടവിട്ട് ഇത് ആവർത്തിക്കാം. കാലക്രമേണ ചിതലുകൾ പൂർണമായും ഇല്ലാതാകാൻ ഇത് സഹായിക്കും.
വിനാഗിരി
വിനാഗിരി ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ചിതലുകളെ തുരത്താനും ഇത് ഫലപ്രദമാണ്. അര കപ്പ് വിനാഗിരിയും രണ്ട് ചെരുനാരങ്ങയുടെ നീരും ചേർത്ത് യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ചിതലുകൾ ഉള്ളിടങ്ങളിൽ ഇത് സ്പ്രേ ചെയ്യുക. നാരങ്ങയ്ക്ക് പകരം വെള്ളം ചേർത്തും ഈ മിശ്രിതം തയ്യാറാക്കാം. ചിതലുകളെ വേഗത്തിൽ ഓടിക്കാൻ ഇത് സഹായിക്കും.
ഉപ്പ് വെള്ളം
ചെറുചൂടുവെള്ളത്തിൽ ഉപ്പ് കലർത്തി ചിലതുള്ള സ്ഥലങ്ങളിൽ തളിച്ച് കൊടുക്കാം. ഇത് നിർജ്ജലീകരണത്തിന് കാരണമാകുകയും ചിതലുകളെ നശിപ്പിക്കുയും ചെയ്യും.
വെളുത്തുള്ളി എണ്ണ
വെളുത്തുള്ളി എണ്ണ ഉപയോഗിച്ച് ചിതലുകളെ എളുപ്പത്തിൽ ഓടിക്കാൻ സാധിക്കും. ഇതിന്‍റെ രൂക്ഷഗന്ധം ചിതലുകൾക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ഇത് വെള്ളത്തിൽ കലർത്തി ചിതൽ ശല്യമുള്ള ഇടങ്ങളിൽ തളിക്കുക.
ബൊറാക്‌സ്
മരങ്ങളിൽ കാണപ്പെടുന്ന ചിതലുകളെ നശിപ്പിക്കാൻ ബെസ്റ്റാണ് ബൊറാക്‌സ് പൊടി. അതിനായി ഒരു കപ്പ് ചെറു ചൂടുവെള്ളത്തിലേക്ക് ഒരു സ്‌പൂൺ ബൊറാക്‌സ് പൊടി ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചിതലുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയുക. ബൊറാക്‌സ് ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read : വീട്ടിൽ ഈ ചെടികൾ നട്ടുവളർത്തൂ; പല്ലിയുടെ പൊടി പോലും കാണില്ല