ബ്രേക്ക്ഫാസ്റ്റായി ചൂട് ദോശയും ഇഡലിയുമൊക്കെ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എന്നും ഒരേ രുചിയിലുള്ള സാമ്പാറും ചട്‌ണിയുമാണ് ഇതിനോടപ്പം കഴിക്കാനുള്ളതെങ്കിൽ മടുപ്പ് തോന്നും. വീട്ടിൽ മല്ലിയില ഇരിപ്പുണ്ടെങ്കിൽ ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ വ്യത്യസ്‌ത രുചിയിൽ ഒരു കിടിലൻ ചട്‌ണി തയ്യാറാക്കിയാലോ ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ചട്‌ണി തയ്യാറാക്കുന്നത് എങ്ങനെയാണ് നോക്കാം. റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- മല്ലിയില - 2 കുല (2 പിടി)
- ചെറിയ ഉള്ളി - 10 എണ്ണം
- ഉലുവ - 2 ടേബിൾ സ്‌പൂൺ
- നിലക്കടല - 1 ടേബിൾ സ്‌പൂൺ
- പച്ചമുളക് - 3 എണ്ണം
- ഉണക്ക മുളക് - 5 എണ്ണം
- ഇഞ്ചി - 1 കഷണം
- പുളി - 1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ
- മഞ്ഞൾപ്പൊടി - 1/4 ടീസ്‌പൂൺ
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- എണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
മല്ലിയില ചട്‌ണി തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴുക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പും കശുവണ്ടിപ്പരിപ്പും ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഉണക്കമുളക് കൂടി ചേർത്ത് വഴറ്റാം. ഇവയെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം മല്ലിയില കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. പുളിയും മഞ്ഞൾപൊടിയും ചേർത്ത് യോജിപ്പിച്ച ശേഷം ചിരകിയ തേങ്ങാ കൂടി ചേർത്ത് വഴറ്റാം. ഒന്നോ രണ്ടോ മിനിറ്റിന് ശേഷം അടുപ്പ് അണച്ച് ചൂട് ആറാനായി മാറ്റി വയ്ക്കാം. ശേഷം ഒരു മിക്‌സി ജാറിലേക്ക് വറുത്ത് വച്ചിരിക്കുന്ന മിശ്രിതവും ഉഴുന്ന് പരിപ്പും കശുവണ്ടിയും മുളകും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് എന്നിവ വറുത്ത് ചേർക്കാം. സ്വാദിഷ്‌ടമായ മല്ലിയിലെ ചട്‌ണി തയ്യാർ.