അന്തർദേശീയ രാഷ്ട്രീയത്തിന്‍റെ ഗതി നിർണയിക്കുന്ന സുപ്രധാന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ (നവംബർ 5) നടക്കാനിരിക്കുകയാണ്. മറ്റു ലോകരാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയും അത്യാകാംക്ഷയോടെയാണ് 2024 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. പുറത്ത് വരുന്ന സർവേ ഫലങ്ങൾ അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് അമേരിക്കയുടെ 47 ആമത് പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തവണ ആര് ജയിച്ചാലും അമേരിക്കയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തെറ്റില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ആണെങ്കിലും റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആണെങ്കിലും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാന്‍ സാധ്യതയുള്ളവരാണ്.
ആരുടെ ജയം ഇന്ത്യക്ക് നേട്ടമുണ്ടാകും?
കമല ഹാരിസ് ഇത്തവണ പ്രസിഡന്‍റ് ആവുകയാണെങ്കിൽ ചരിത്രത്തിലെ ആദ്യ വനിതാ അമേരിക്കൻ പ്രസിഡന്‍റ് എന്നതിനൊപ്പം അമേരിക്കൻ പ്രസിഡന്‍റ് ആകുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാവും അവർ. കമല ഹാരിസിന്‍റെ ഇന്ത്യൻ പാരമ്പര്യം അമേരിക്കൻ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതൽ ഇന്ത്യക്കാരുടെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്.
അതേസമയം റിപബ്ലിക്കൻ സ്ഥാനാർഥി ട്രംപ്, നരേന്ദ്ര മോദിയെ നല്ല സുഹൃത്തായി വിശേഷിപ്പിക്കുകയും ഇന്ത്യയുമായുള്ള ബന്ധം വർധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തയാളാണ്. അമേരിക്കന്‍ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കൂടി ഉറപ്പ് നൽകിയ ട്രംപ് അധികാരത്തിൽ വന്നാലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ഭാവി ദിശ മനസിലാക്കാൻ ഇന്ത്യൻ നയരൂപീകരണ വിദഗ്‌ധർ രണ്ട് സ്ഥാനാർഥികളുടെയും നിലപാടുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന അജണ്ടയെ ട്രംപ് വീണ്ടും ഉയർത്തിക്കാട്ടുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്‍റെ കാലത്ത് ഈ പദ്ധതി മുന്‍പ് നടപ്പിലാക്കുമ്പോള്‍ ഇന്ത്യൻ ഉൽപന്നങ്ങളെ ബാധിക്കുന്ന താരിഫുകൾ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണത്തിന് കീഴിലുള്ള ഹാരിസിൻ്റെ സമീപനം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബഹുമുഖ സഹകരണത്തിലും സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഊന്നിയാണ് നിലനിൽക്കുന്നത്.
തെരഞ്ഞെടുപ്പ് നിർണായകമാകുന്നതെങ്ങനെ?
ഇന്ത്യ അമേരിക്ക ബന്ധത്തെ സജീവമാക്കുന്നതും മുന്നോട്ട് നയിക്കുന്നതും ഒരു വശത്ത് ജിയോസ്ട്രാറ്റജിക് ആവശ്യകതയാകുമ്പോൾ മറുവശത്ത് ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നിടുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചൈനയുടെ നാടകീയമായ ഉയർച്ചയിൽ നിന്നുരുത്തിരിയുന്ന ഭൗമരാഷ്ട്രീയ നയതന്ത്ര പ്രശ്‌നങ്ങള്‍ ചൈനയെ ആഗോള ശത്രുവായി കാണുന്നത്തിലേക്ക് അമേരിക്കയെ നയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ സമീപ ഭാവിയിലൊന്നും ഒരു യുഎസ് ഭരണകൂടവും ഇന്ത്യയുമായുള്ള ബന്ധം ദുർബലപ്പെടുത്താൻ സാധ്യതയില്ലെന്നും വിദഗ്‌ധർ വിലയിരുത്തുന്നു. ലോകമെമ്പാടുമുള്ള പ്രത്യേകിച്ചും ഇൻഡോ പസഫിക്കിലെ ഏറ്റവും ഫലപ്രദമായ പ്രതിസന്തുലനമായാണ് അമേരിക്ക ഇന്ത്യയുടെ കരുത്തുറ്റ ജനാധിപത്യ വ്യവസ്ഥയെയും സമ്പദ്‌വ്യവസ്ഥയും ജനസംഖ്യാപരമായ സാധ്യതയെയും കാണുന്നതെന്ന് മുതിർന്ന ഇന്ത്യൻ വംശജനായ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മായങ്ക് ഛായ നിരീക്ഷിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് വിജയിച്ചാലും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയിച്ചാലും ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ കാര്യമായ ദിശാമാറ്റം താന്‍ കാണുന്നില്ല എന്നും മായങ്ക് ഛായ പറഞ്ഞു. മുൻ യുഎസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റൻ്റെ 2000 മാർച്ചിലെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
1978 ലെ ജിമ്മി കാർട്ടറിൻ്റെ സന്ദർശനത്തിനു ശേഷം ഒരു യുഎസ് പ്രസിഡൻ്റ് ആദ്യമായി നടത്തിയ സന്ദർശനം ആയിരുന്നു അത്. ക്ലിൻ്റൻ്റെ പിൻഗാമികളായ ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ട്രംപ്, ബൈഡൻ എന്നിവരുടെ കീഴിൽ യുഎസ്-ഇന്ത്യ ബന്ധം ക്രമേണ ദൃഢമായിട്ടുണ്ടെന്നും മായങ്ക് ഛായ വിശദീകരിച്ചു.
ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഒരു പ്രധാന വിഷയം ട്രംപ് ക്യാമ്പ്, പ്രധാന സ്വിംഗ് സംസ്ഥാനങ്ങളിലെ ഇലക്‌ടറൽ ബോർഡുകൾ പിടിച്ചെടുക്കുന്നു എന്നതാണ്. റിപബ്ലിക്കൻമാർ തെരഞ്ഞെടുപ്പ് ബോർഡുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിക്കുന്നതിനും അട്ടിമറിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
മസ്‌ക് എന്തുകൊണ്ട് ട്രംപിനെ പിന്തുണയ്ക്കുന്നു?
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളായ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സ്ഥാപകനായ ഇലോൺ മസ്‌ക് ട്രംപിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന് പിന്തുണ തേടി അദ്ദേഹം തൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രധാന സ്വിംഗ് സംസ്ഥാനങ്ങളിൽ നടത്തുന്ന ക്യാമ്പയിനിൽ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരിൽ ഒരാള്‍ക്ക് ഒരു ദിവസം 1 മില്യൺ ഡോളർ നൽകുമെന്ന് മസ്‌ക് പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തീവ്ര വിഭാഗത്തോടുള്ള പ്രത്യയശാസ്ത്രപരമായ യോജിപ്പും ട്രംപിനോടുള്ള സമീപനവും ആണ് ഇതിന്‍റെ പ്രധാന കാരണങ്ങള്‍. അമേരിക്കയുടെ നിയന്ത്രണ സ്ഥാപനവുമായുള്ള പ്രശ്‌നങ്ങളും മസ്‌കിന്‍റെ ട്രംപ് പിന്തുണക്ക് കാരണമാണ്.
മസ്‌കിന്‍റെ വിവിധ കമ്പനികളിലായി നിലവിൽ 18 അന്വേഷണങ്ങളാണ് നടക്കുന്നത്. മസ്‌കിൻ്റെ കമ്പനികൾക്ക് നാസയിൽ നിന്ന് 11.8 ബില്യൺ ഡോളർ വിലമതിക്കുന്നതും പ്രതിരോധ വകുപ്പിൽ നിന്ന് 3.6 ബില്യൺ മൂല്യമുള്ളതും ഉള്‍പ്പെടെ 15.4 ബില്യൺ ഡോളറിൻ്റെ സർക്കാർ കരാറുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക