വാഷിങ്ടൺ : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ജോ ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിരുന്നില്ലെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് ട്രംപിന്‍റെ പ്രതികരണം.
"റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം എന്‍റേതല്ല. ബൈഡന്‍റെ യുദ്ധമാണ്. ഞാൻ ഇപ്പോഴാണ് ഇവിടെ എത്തിയത്, എന്‍റെ ഭരണകാലത്ത് നാല് വർഷക്കാലം യുദ്ധം സംഭവിക്കുന്നത് തടയാൻ എനിക്ക് സാധിച്ചു. പ്രസിഡന്‍റ് പുടിനും മറ്റെല്ലാവരും നിങ്ങളുടെ പ്രസിഡന്‍റെിനെ ബഹുമാനിച്ചിരുന്നു. ഈ യുദ്ധവുമായി എനിക്ക് ഒരു ബന്ധവുമില്ല, പക്ഷേ മരണവും നാശവും തടയാൻ ഞാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിരുന്നില്ലെങ്കിൽ, ആ ഭയാനകമായ യുദ്ധം ഒരിക്കലും സംഭവിക്കുമായിരുന്നില്ല."- ട്രംപ് കുറിച്ചു.
മുൻ പ്രസിഡന്‍റ് ജോ ബൈഡനും യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയും സാഹചര്യം കൈകാര്യം ചെയ്തതിനെയും ട്രംപ് വിമർശിക്കുകയുണ്ടായി. "യുദ്ധം ആരംഭിക്കാൻ അനുവദിച്ചത് പ്രസിഡന്‍റ് സെലെൻസ്‌കിയുടെയും വക്രബുദ്ധിയുള്ള ജോ ബൈഡന്‍റെയും പ്രവൃത്തികളാണ്. യുദ്ധം ഉണ്ടാകുന്നത് തടയാൻ നിരവധി മാർഗങ്ങൾ ഉണ്ടായിരന്നു. എന്നാൽ അതൊക്കെ കഴിഞ്ഞകാര്യങ്ങളാണ്. നമുക്ക് വേഗത്തിൽ പ്രവർത്തിച്ച് തുടങ്ങാം"- ട്രംപ് കൂട്ടിച്ചേർത്തു.
മാർച്ച് മാസത്തിന്‍റെ തുടക്കത്തിലും ട്രംപ്, ബൈഡൻ റഷ്യ-യുക്രെയ്ൻ യുദ്ധം കൈകാര്യം ചെയ്തതിനെ വിമർശിച്ചിരുന്നു. ബൈഡന് കീഴിൽ റഷ്യ യുക്രെയ്‌ൻ മൊത്തത്തിൽ നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു.
"പ്രസിഡന്‍റ് ബുഷിന്‍റെ കീഴിൽ റഷ്യയ്ക്ക് ജോർജിയ ലഭിച്ചു. പ്രസിഡന്‍റ് ഒബാമയുടെ കീഴിൽ അവർക്ക് നല്ലൊരു വലിയ അന്തർവാഹിനി താവളം ലഭിച്ചു. പ്രസിഡന്‍റ് ബൈഡന്‍റെ കീഴിൽ അവർ യുക്രെയ്ൻ മുഴുവൻ സ്വന്തമാക്കാൻ ശ്രമിച്ചു. ഞാൻ ഇവിടെ എത്തിയില്ലെങ്കിൽ അവർ ലക്ഷ്യം നേടുമായിരുന്നു," ട്രംപ് പറഞ്ഞു.
"ഞാൻ റഷ്യയ്ക്ക് ദുഃഖം മാത്രമാണ് നൽകിയത്. കൊല്ലപ്പെടാൻ പാടില്ലാത്ത ധാരാളം ആളുകൾ കൊല്ലപ്പെടുന്നതിനാൽ നമ്മൾ ഒരു കരാർ ഉണ്ടാക്കണം. ഓർക്കുക, ട്രംപ് അവർക്ക് ഒന്നും നൽകിയില്ല, മറ്റ് പ്രസിഡന്‍റുമാർ അവർക്ക് ധാരാളം നൽകി. അവർ തിരിച്ചും അദ്ദേഹത്തിന് എല്ലാം നൽകി." ട്രംപ് പറഞ്ഞു.