കീവ് (യുക്രെയ്ൻ) : റഷ്യയുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കായി, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായും മറ്റ് യൂറോപ്യൻ നേതാക്കളുമായും ഫോൺ സംഭാഷണം നടത്തി യുക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി. പൂർണ വെടിനിർത്തലിനുള്ള യുക്രെയ്‌ൻ്റെ സന്നദ്ധത സെലെൻസ്‌കി അറിയിച്ചു. തുടക്കത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"യു എസ് പ്രസിഡൻ്റ് ട്രംപുമായുള്ള ഞങ്ങളുടെ സംഭാഷണത്തിൽ നിന്ന് ഞാൻ മനസിലാക്കിയത്, എല്ലാവരും വെടിനിർത്തലിന് വളരെയധികം താല്‌പര്യം കാണിക്കുന്നുണ്ടെന്നാണ്. വളരെയധികം നഷ്‌ടങ്ങളാണ് ഇതിനോടകം സംഭവിച്ചത്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു. റഷ്യ തയ്യാറാണോ എന്ന് എനിക്ക് ഉറപ്പില്ല, ഞങ്ങൾ അവരെ വിശ്വസിക്കുന്നില്ല.' -സെലൻസ്‌കി പറഞ്ഞു.
ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും നടത്തിയ നീണ്ട സംഭാഷണത്തിന് ശേഷമാണ് സെലെൻസ്‌കിയുടെ പ്രതികരണം. റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് യുക്രെയ്ന്‍റെ സന്നദ്ധത അദ്ദേഹം വീണ്ടും അറിയിച്ചു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തലിനും നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ ഉടനടി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇസ്‌താംബുളിൽ അടുത്തിടെ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, വത്തിക്കാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വെടിനിർത്തല്‍ ചർച്ചകള്‍ ഉടൻ ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്.