വാഷിങ്ടണ്‍:റഷ്യയും യുക്രയ്‌നും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളിലെയും നേതാക്കളെ പ്രത്യേകം പ്രത്യേകം വിളിച്ച് സംസാരിച്ച ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനഘട്ടത്തിലേക്ക് എത്തുന്നുവെന്നതിന്‍റെ സൂചനയായി എന്നാണ് കരുതുന്നത്. എന്നാല്‍ ഇരുനേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ വലിയ അത്ഭുതങ്ങളൊന്നും സൃഷ്‌ടിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എവിടെയാണ് എപ്പോഴാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ആരൊക്കെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടില്ല. 2022ന് ശേഷം റഷ്യയ്ക്കും യുക്രെയ്‌നുമിടയില്‍ നേരിട്ടുള്ള ഒരു ചര്‍ച്ച നടന്ന ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ട്രംപിന്‍റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഇരുനേതാക്കളെയും ഫോണില്‍ വിളിക്കും മുമ്പ് യുദ്ധം തുടരുന്നതില്‍ ട്രംപ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് നേരില്‍ കാണാം. ഇല്ലെങ്കില്‍ ഞങ്ങള്‍ എല്ലാ സമവായ ശ്രമങ്ങളും ഇവിടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സ് പറഞ്ഞു. പുടിന്‍ ശരിക്കും സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് പിന്നീട് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും വിട്ടുവീഴ്‌ച ചെയ്യാന്‍ അവരുടെ ആത്മാഭിമാനം അനുവദിക്കുന്നില്ല. എന്നാല്‍ ചില വലിയ കാര്യങ്ങള്‍ഉടന്‍ സംഭവിക്കുമെന്നും ട്രംപ് പിന്നീട് ഓവല്‍ ഓഫീസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്‌നത്തിന്‍റെ അടിവേരിളക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിരുപാധിക പൂര്‍ണ വെടിനിര്‍ത്തലിന് തങ്ങള്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കി പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. റഷ്യ അധിനിവേശം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധത്തിന് ഒരു അവസാനമുണ്ടാക്കാന്‍ റഷ്യ തയാറാകാത്ത പക്ഷം കൂടുതല്‍ ഉപരോധം നേരിടാന്‍ തയാറാകണമെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്ത് എന്‍ബിസിയുടെ മീറ്റ് ദ പ്രസില്‍ വ്യക്തമാക്കിയിരുന്നു. ജോബൈഡന്‍റെ കാലത്ത് കൊണ്ടു വന്നിരുന്ന ഉപരോധങ്ങള്‍ പര്യാപ്‌തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം റഷ്യയുടെ എണ്ണ വരുമാനം തടയാന്‍ യാതൊന്നും ചെയ്‌തില്ല. ഇത് അമേരിക്കയില്‍ എണ്ണ വില കൂട്ടുമെന്ന ആശങ്കയുള്ളത് കൊണ്ടായിരുന്നുവെന്നും ബെസന്ത് ചൂണ്ടിക്കാട്ടി. യുദ്ധം മൂലമുണ്ടായ വിലക്കയറ്റത്തിന്‍റെ പരിണിത ഫലങ്ങള്‍ കുറയ്ക്കാനായി രാജ്യത്തിന്‍റെ പെട്രോളിയം കയറ്റുമതി സംരക്ഷിക്കാന്‍ ആയിരുന്നു ഇത് വഴി അമേരിക്ക ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.