വാഷിങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന യൂറോപ്പിൻ്റെ നയതന്ത്ര ശ്രമത്തെ തളളി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പുൾപ്പെടെയുളള ലോകശക്തികളുമായി ഇടപഴകുന്നതിന് പകരം വാഷിങ്ടണുമായുളള ചർച്ചകൾക്കാണ് ടെഹ്റാൻ താത്പര്യപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുളള യൂറോപ്പിൻ്റെ കഴിവിൽ സംശയമുളളതായും ട്രംപ് കൂട്ടിച്ചേർത്തു. 'ഇസ്രയേലിൻ്റെ സൈനിക നടപടിയിൽ അമേരിക്കയ്ക്ക് പരിമിതമായ സ്വാധീനമേയുളളൂ. യുദ്ധത്തിൽ ഇസ്രയേൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്. ഇറാൻ്റേത് മികച്ചതല്ലെന്ന് കരുതുന്നു.' ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ബ്രിട്ടൺ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇറാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. സംഘർഷം തടയാൻ നയതന്ത്രം തുടരണമെന്ന് യൂറോപ്യൻ നേതാക്കൾ ആവശ്യപ്പെട്ടു.
അമേരിക്കയുമായുളള ആണവ ചർച്ചക്കുള്ള ശ്രമത്തെ ഇറാൻ്റെ ഉന്നത നയതന്ത്രജ്ഞൻ അബ്ബാസ് അരാഗ്‌ചി നിരസിച്ചിരുന്നു. സംഘർഷത്തിൻ്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് കണ്ടുപിടിച്ചാൽ മാത്രമേ നയതന്ത്രം പുനരാരംഭിക്കാനാകൂ എന്ന് അരാഗ്‌ചി പറഞ്ഞു.
ഹൈഫ, ബീർഷെബ എന്നീ ഇസ്രയേൽ നഗരങ്ങളിൽ ഇറാൻ വെളളിയാഴ്‌ച മിസൈൽ ആക്രമണം നടത്തി. 35 മിസൈലുകളാണ് ഹൈഫ നഗരത്തിൽ പതിച്ചത്. ആശുപത്രിയും പളളിയുമുൾപ്പെടെ ആക്രമണത്തിൽ തകർന്നു. ഇതേസമയം ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും ആക്രമണം നടത്തി.
ആക്രമണങ്ങൾ നിർത്തണമെന്ന് ഇസ്രയേലിനോട് അഭ്യർഥിക്കാൻ അമേരിക്കയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇറാനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.