ലോസ് ഏഞ്ചൽസ്: യുഎസ് ഇമിഗ്രേഷന്‍ അന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റ് (ഐഇസി) പരിശോധനയുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിലെ പാരാമൗണ്ട് നഗരത്തിൽ വീണ്ടും ഏറ്റുമുട്ടല്‍. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റത്തിനെതിരായ വിപുലമായ നടപടികളുടെ ഭാഗമായാണ് ഐഇസി പരിശോധന നടത്തുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം ഉള്‍പ്പെടെ പൊലീസ് പ്രയോഗിച്ചു.
ഇതിന് പിന്നാലെ വിഷയത്തില്‍ ഫെഡറല്‍ ഗവണ്‍മെന്‍റ് ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. "കാലിഫോർണിയൻ ഗവർണർ ഗാവിൻ ന്യൂസ്‌കമിനും ലോസ് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസിനും അവരുടെ ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് അറിയാം. ഇതു തുടര്‍ന്നാല്‍ ഫെഡറൽ ഗവണ്‍മെൻ്റിന് ഇടപെടേണ്ടി വരും. കലാപങ്ങളെയും കൊള്ളക്കാരെയും വേണ്ട രീതിയിൽ അമര്‍ച്ച ചെയ്യണം" - ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ ഒരാളെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. പരിക്കുകളുടെ വ്യാപ്‌തി ഇതുവരെ വ്യക്തമല്ലെന്നും ഡിപ്പാര്‍ട്ടുമെന്‍റ് വ്യക്തമാക്കി. പ്രതിഷേധക്കാർ തെരുവുകളിൽ യുഎസ് സർവീസ് ബസ് തടയാൻ ശ്രമിക്കുകയും വാഹനങ്ങൾക്കുനേരെ കല്ലെറിയുകയും ചെയ്‌തു. ഏറെ നേരം നീണ്ട പ്രകടനങ്ങളിൽ ചിലർ വാഹനങ്ങളിൽ തീപടർത്തുകയും ചെയ്‌തു. തുടർന്ന് അഗ്നിശമന സേന എത്തി തീ അണക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാര്‍ പൊലീസുകാർക്കുനേരെ തിരിഞ്ഞതോടെ സംഭവം ഏറെ വഷളാവുകയായിരുന്നു.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത് നിരവധി അറസ്‌റ്റുകൾക്കും കാരണമായെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. പാരാമൗണ്ട് ബൊളിവാർഡിലെ 6400 ബ്ലോക്കിൽ ഉച്ചക്ക് 12: 42 ഓടെ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയതായും ഗതാഗതം തടസപ്പെടുത്തിയതായും വകുപ്പ് റിപ്പോർട്ട് ചെയ്‌തു.

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് ഒരു പത്ര സമ്മേളനത്തിർ സംസാരിക്കവെ പാരാമൗണ്ടിൽ 400 ഓളം പേർ പ്രതിഷേധത്തിനായി ഒത്തുകൂടിയതായി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞു. കൂടാതെ അക്രമാസക്തമാകാതെ സമാധാനപരമായി പിരിഞ്ഞുപോകുവാൻ അധികാരികൾ ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ ഫെഡറൽ ഏജൻ്റുമാർ മാരകമല്ലാത്ത വെടിക്കോപ്പുകൾ പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പ്രകടനങ്ങളിൽ അറസ്റ്റിലായവരിൽ സർവീസ് എംപ്ലോയീസ് ഇൻ്റർനാഷണൽ യൂണിയൻ്റെ റീജിയണൽ പ്രസിഡൻ്റ് ഡേവിഡ് ഹ്യൂർട്ടയും ഉൾപ്പെടുന്നു. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററില്‍ അദ്ദേഹത്തെ തടവിലാക്കിയതായി നീതിന്യായ വകുപ്പ് വക്താവ് സിയാരൻ മക്ഇവോയ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്‌ച വെസ്‌റ്റ്‌ലേക്ക് ഡിസ്‌ട്രിക്ക്‌റ്റ്, ഡൗണ്ടൗണ്‍ എൽഎ, സൗത്ത് എൽഎ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ഐസിഇ പരിശോധന നടന്നത്. ഐസിഇയുടെ കണക്കനുസരിച്ച് ഈ ആഴ്‌ച ആകെ 118 അറസ്‌റ്റുകൾ നടന്നിട്ടുണ്ട്.