സാൻ്റോ ഡൊമിംഗോ: മെറാങ്കെ സംഗീതപരിപാടിക്കിടെ നിശാക്ലബിൻ്റെ മേൽക്കൂര തകർന്നു വീണ് 79 പേർ മരിച്ചു. 160 പേർക്ക് പരിക്ക്. വിവിധ രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ, അത്‌ലെറ്റുകൾ, മറ്റ് പ്രമുഖർ എന്നിവർ സംഗീതപരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടി തുടങ്ങി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് മേൽക്കൂര തകർന്ന് വീണത്.
അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത് ആളുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സെൻ്റർ ഓഫ് എമർജൻസി ഓപ്പറേഷൻസ് ഡയറക്‌ടർ ജുവാൻ മാനുവൽ മെൻഡെസ് പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിനായി അക്ഷീണം പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നടന്നയുടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോണ്ടെക്രിസ്റ്റി വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണറും ഏഴ് തവണ മേജർ ലീഗ് ബേസ്ബോൾ ഓൾ - സ്റ്റാറായ നെൽസൺ ക്രൂസിൻ്റെ സഹോദരി നെൽസി ക്രൂസും നിശാ ക്ലബിൽ ഉണ്ടായിരുന്നു. മുൻ എംഎൽബി പിച്ചർ ഒക്‌ടാവിയോ ഡോട്ടൽ (51) മരിച്ചതായി ഡൊമിനിക്കൻ റിപ്പബ്ലിക്ക് പ്രൊഫഷണൽ ബേസ്ബോൾ ലീഗ് സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു. ഡോട്ടലിനെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൊമിനിക്കൻ ബേസ്ബോൾ താരം ടോണി എൻറിക് ബ്ലാങ്കോ കാബ്രെറയും കൊല്ലപ്പെട്ടതായി ലീഗ് വക്താവ് സാറ്റോസ്‌കി ടെറെറോ പറഞ്ഞു. ദേശീയ നിയമസഭാംഗമായ ബ്രേ വർഗാസ് ഉൾപ്പെടെ 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേൽക്കൂര തകർന്നുവീണ സമയത്ത് പരിപാടി അവതരിപ്പിച്ചിരുന്ന മെറാങ്കെ ഗായകൻ റൂബി പെരെസിനെ രക്ഷപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ പിന്നീട് അത് സത്യമല്ലെന്ന് മനസിലാക്കി ഇപ്പോഴും അദ്ദേഹത്തതിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് മെൻഡെസ് പറഞ്ഞു.
ബാൻഡംഗമായ സാക്സോഫോണിസ്റ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പെരെസ് മാനേജർ എൻറിക് പൗളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മേൽക്കൂര തകരാൻ എന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Also Read: അമേരിക്കയുടെ പകര ചുങ്കം പ്രാബല്യത്തിൽ; ഏഷ്യൻ ഓഹരി വിപണിയ്‌ക്ക് ഇടിഞ്ഞ 'തുടക്കം'