കീവ്: വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യയുടെ മിസൈൽ ആക്രമണം. 32 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. യുക്രെയ്ൻ ആഭ്യന്തര വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ന് സുമിയിലെ പള്ളിയിൽ ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. 2023 ന് ശേഷം യുക്രേനിയൻ ജനങ്ങൾക്കെതിരെ നടന്ന വലിയ ആക്രമണമാണിത്. സംഭവത്തെ അപലപിച്ച് യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചു. കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
'സുമിയിൽ റഷ്യ ഭീകരമായൊരു ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. വളരെ സാധരണമായൊരു തെരുവിലാണ് മിസൈൽ പതിച്ചത്. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തെരുവിലുണ്ടായിരുന്ന കാറുകൾ... എല്ലാം നശിച്ചു. ആളുകൾ പള്ളിയിൽ പോകുന്ന ദിവസമാണിത് - ഓശാന പെരുന്നാൾ, കർത്താവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ പെരുന്നാൾ. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധാരണക്കാരുടെ ജീവൻ അപഹരിച്ചുകൊണ്ട് വൃത്തികെട്ട മാലിന്യങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയൂ. കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്‍റെ അനുശോചനം. രക്ഷാപ്രവർത്തനം നടക്കുന്നു. ആവശ്യമായ എല്ലാ സേവനങ്ങളും സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്.'-സെലൻസ്കി എക്സിൽ കുറിച്ചു.
'ലോകം ശക്തമായി പ്രതികരിക്കണം. അമേരിക്ക, യൂറോപ്പ്, അങ്ങനെ ഈ യുദ്ധവും ഈ കൊലപാതകങ്ങളും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാവരും. റഷ്യ കൃത്യമായി ഇത്തരത്തിലുള്ള ഭീകരത ആഗ്രഹിക്കുന്നു, അവർ ഈ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്. റഷ്യയിൽ സമ്മർദം ചെലുത്താതെ സമാധാനം ഉണ്ടാകില്ല. നടന്ന ചർച്ചകൾക്കൊന്നും ബാലിസ്റ്റിക് മിസൈലുകളെയും വ്യോമ ബോംബുകളെയും തടയാനായിട്ടില്ല. ഒരു തീവ്രവാദിയോട് തോന്നുന്ന മനോഭാവമാണ് റഷ്യയോടുള്ളത്. യുക്രെയ്‌നിനൊപ്പം നിൽക്കുകയും ജീവൻ സംരക്ഷിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.'- സെലൻസ്കി കൂട്ടിച്ചേർത്തു.
അതേസമയം, തുടർച്ചയായ രണ്ടാം മാസവും സമ്പൂർണ്ണ വെടിനിർത്തലിന് യുഎസ് പിന്തുണയുള്ള നിർദേശം റഷ്യ നിരസിച്ചതായി വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
'ഓശാന പെരുന്നാൾ ഞായറാഴ്ച രാവിലെ, ജറുസലേമിലേക്കുള്ള കർത്താവിന്‍റെ പ്രവേശനം ആഘോഷിക്കാൻ വിശ്വാസികൾ പള്ളിയിൽ പോകുമ്പോൾ, സുമി നഗരത്തിലെ ജനവാസ മേഖലയ്ക്ക് നേരെ റഷ്യ ഒരു ഭീകരമായ ആക്രമണം നടത്തി. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രധാന ക്രിസ്ത്യൻ വിശ്വാസ ദിനത്തിൽ ഇത്തരമൊരു ആക്രമണം നടത്തുന്നത് തികഞ്ഞ തിന്മയാണ്.' -ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു.
'യുക്രെയ്‌നിന് അധിക വ്യോമ പ്രതിരോധ ശേഷികൾ നൽകാനും റഷ്യയുടെ മേൽ സമ്മർദം വർധിപ്പിക്കാനും ഞങ്ങൾ പങ്കാളികളായ രാജ്യങ്ങളോട് അഭ്യർഥിക്കുകയാണ്. ശക്തിയാണ് അവർക്ക് മനസിലാക്കാൻ കഴിയുന്ന ഒരേയൊരു ഭാഷ, ഭയാനകമായ ഭീകരത അവസാനിപ്പിക്കാനുള്ള ഏക മാർഗവും അതുതന്നെ,' -അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തീപിടുത്തത്തിൽ കുട്ടികള്‍ക്ക് രക്ഷകരായ നാല് ഇന്ത്യക്കാരെ ആദരിച്ച് സിംഗപ്പൂർ