ദോഹ: വ്യോമഗതാഗതം താത്കാലികമായി നിർത്തിവച്ച് ഖത്തർ. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചിരുന്നു. ഖത്തറിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളത്തിന് നേരയായിരുന്നു ഇറാന്‍റെ തിരിച്ചടി.
തുടർന്നാണ് ഖത്തർ വ്യോമഗതാഗതം നിർത്തിവച്ചത്. അതേസമയം രാജ്യം സുരക്ഷിതമാണെന്ന് ഖത്തർ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖത്തറിലെ അമേരിക്കൻ സൈനിക വ്യോമ താവളമായ അൽ ഉദൈദ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തടയാൻ സാധിച്ചതായി ഖത്തർ അറിയിച്ചു.
'മേഖലയിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി, രാജ്യത്തിന്‍റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി അധികാരികൾ പ്രഖ്യാപിക്കുന്നു' -ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
'പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. മുന്നറിയിപ്പുകൾ മുൻകൂട്ടി അറിയിക്കും.' - പൗരന്മാരോടും പ്രവാസികളോടും ഖത്തർ അധികൃതർ പറഞ്ഞു.
നേരത്തെ, ഖത്തറിലെ യുഎസ് എംബസി അവിടത്തെ അമേരിക്കക്കാർക്ക് പുറത്തുപോകരുതെന്ന് നിർദേശം നൽകിയിരുന്നു. മറ്റ് പാശ്ചാത്യ എംബസികളും മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്ന് 190 കിലോമീറ്റർ (120 മൈൽ) തെക്ക് ഗൾഫിന് കുറുകെ സ്ഥിതി ചെയ്യുന്ന വാതക സമ്പന്നമായ ഖത്തർ, മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ അൽ ഉദൈദിന്‍റെ ആസ്ഥാനമാണ്.
"അതിയായ ജാഗ്രതയുടെ ഭാഗമായി, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അമേരിക്കൻ പൗരന്മാർ അതാത് സ്ഥലങ്ങളിൽ തന്നെ അഭയം പ്രാപിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു," യുഎസ് എംബസി അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു.
ഇറാനെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗുരുതരവും പ്രവചനാതീതവുമായ പ്രത്യാഘാതങ്ങൾ അമേരിക്ക നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തറിന്റെ അടുത്ത അയൽ രാജ്യമായ ബഹ്റൈനിലെ അമേരിക്കൻ എംബസി ജീവനക്കാരെ മാറ്റിയതായി എംബസി പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ബഹ്‌റൈൻ അധികൃതർ മിക്ക സർക്കാർ ജീവനക്കാരോടും പറഞ്ഞിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കക്കാർ കനത്ത ജാഗ്രത പാലിക്കണമെന്ന് ഞായറാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരുന്നു. ജൂൺ 13 ന് ഇറാനിൽ ഇസ്രയേൽ നടത്തിയ ആദ്യ ആക്രമണത്തിന് ശേഷം, ഖത്തറിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാരോടും മറ്റ് അമേരിക്കക്കാരോടും ജാഗ്രത പാലിക്കാനും അൽ ഉദൈദ് വ്യോമതാവളത്തിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പരിമിതപ്പെടുത്താനും നിർദേശിച്ചിരുന്നു.
Also Read: ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചു; തിരുവനന്തപുരം-ഡല്‍ഹി വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ