ഇസ്‌ലാമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം. ഇതോടെ പാകിസ്ഥാൻ്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജനറൽ മുനീറിന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം എടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ജനറൽ അയൂബ് ഖാന് ശേഷം പാകിസ്ഥാനിലെ ഏറ്റവും ഉയർന്ന സൈനിക പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ സൈനിക ജനറലാണ് മുനീർ. 1959 ൽ ജനറൽ ഖാന് ഫീൽഡ് മാർഷൽ പദവി ലഭിച്ചു. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് സ്ഥാനക്കയറ്റം. "രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുവിനെ പരാജയപ്പെടുത്തുന്നതിനും വേണ്ടി ജനറൽ അസിം മുനീറിനെ (നിഷാൻ-ഇ-ഇംതിയാസ് മിലിട്ടറി) ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ പാകിസ്ഥാൻ സർക്കാർ അംഗീകാരം നൽകി," പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
2022ലാണ് സൈനിക മേധാവിയായി മുനീറിനെ നിയമിച്ചത്. മുനീർ കടുത്ത യാഥാസ്ഥാതികനാണ്. രാഷ്ട്രീയ നേതൃത്വത്തിന് ആധിപത്യമില്ലാത്ത പാകിസ്ഥാനിൽ സേനാത്തലവനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സൈനിക അട്ടിമറി ഉണ്ടാകുമോ എന്ന് ഭയന്നാകാം മുനീറിന് ഉന്നത പദവി നൽകിയതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ചെറുത്ത് നിന്നതിനാണ് ഈ പ്രൊമോഷൻ എന്ന തരത്തിൽ ചില പാക് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
Also Read: റഷ്യ-യുക്രെയ്‌ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്