ബെയ്‌റൂത് : വെടിനിർത്തൽ കരാര്‍ വീണ്ടും ലംഘിച്ച്, ലെബനനിലെ ബെയ്‌റൂത് ആക്രമിച്ച് ഇസ്രയേല്‍. 2024 നവംബർ അവസാനം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം പ്രദേശത്തുണ്ടായ മൂന്നാമത്തെ ഇസ്രയേൽ ആക്രമണമാണിത്. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് ഇസ്രയേൽ ജെറ്റുകൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
തെക്കൻ ലെബനൻ ഗ്രാമമായ ഹാൽട്ടയിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ അധികൃതര്‍ പങ്കുവച്ചു. എന്നാല്‍, ഭീകരരെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.
ഹദത്ത് പ്രദേശത്തെ ഹിസ്ബുള്ളയുടെ പ്രിസിഷൻ ഗൈഡഡ് മിസൈൽ സംഭരണ കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്ന് ആക്രമണത്തെത്തുടർന്ന് പുറത്തിറക്കിയ ഒരു പ്രസ്‌താവനയിൽ ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഹിസ്‌ബുള്ള ഇത്തരം ആയുധങ്ങള്‍ സൂക്ഷിക്കുന്നത് വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്രമണത്തിന് മുമ്പ് പ്രദേശത്ത് നിന്ന് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ടുകൊണ്ട് രണ്ട് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ശേഷം പ്രദേശത്ത് പുകപടലം ഉയരുകയും, രണ്ട് കെട്ടിടങ്ങൾക്കിടയിൽ മൂന്ന് ബോംബുകൾ പതിക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഹാംഗറിനുള്ളിൽ രണ്ട് ട്രക്കുകൾ കത്തി നശിച്ചു. ഹദത്ത് പ്രദേശത്തെ ഹിസ്ബുള്ള കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ അൽ-ജാമസിന് സമീപം ആക്രമണം നടത്തുന്നതിന് മുമ്പ് ചില ഭാഗങ്ങളിൽ യുദ്ധവിമാനങ്ങള്‍ എത്തിച്ച് അവരെ ഒഴിപ്പിക്കാൻ ഇസ്രയേല്‍ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തിരുന്നു.
സൈന്യം വെടിയുതിര്‍ത്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രദേശങ്ങളില്‍ ഇസ്രയേലിന്‍റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്. ഹസൻ നസ്‌റുള്ള ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ വധിക്കപ്പെട്ട ഈ പ്രദേശത്തെ ഹിസ്‌ബുള്ളയുടെ ശക്തി കേന്ദ്രമായി ഇസ്രയേല്‍ കാണുന്നു. ഇവിടെ കൂടുതല്‍ ആയുധങ്ങള്‍ ഹിസ്‌ബുള്ള ശേഖരിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്‍റെ വാദം.
അപലപിച്ച് ലെബനൻ പ്രസിഡന്‍റ്
ബെയ്‌റൂത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൻ അപലപിച്ചു. വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തുന്ന അമേരിക്കയും ഫ്രാൻസും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ആക്രമണങ്ങൾ നിർത്താൻ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്നും ലെബനൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
ഇസ്രയേലിൻ്റെ തുടർച്ചയായ ആക്രമണങ്ങള്‍ കാരണം ബെയ്‌റൂത് ഗുരുതരമായ സുരക്ഷാ ഭീഷണികൾക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രതികരിച്ച് യുഎൻ സ്പെഷ്യൽ കോർഡിനേറ്റർ ജീനിൻ ഹെന്നിസ് രംഗത്തെത്തി.
"ഇസ്രയേലിെന്‍റ ആക്രമണം, സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ പരിഭ്രാന്തിയും, ആക്രമണം വീണ്ടും ഉണ്ടാകുമെന്ന ഭയവും സൃഷ്‌ടിച്ചു" എന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎൻ പ്രമേയം നടപ്പിലാക്കുന്നതിനെ ദുർബലപ്പെടുത്തുന്ന തരത്തിലുളള നടപടികള്‍ അവസാനിപ്പിക്കണമെന്നും ജീനിൻ ഹെന്നിസ് എക്‌സിൽ പോസ്റ്റില്‍ കുറിച്ചു.
തിരിച്ചടിക്കുമെന്ന് ഹിസ്‌ബുള്ള
ലെബനനിലെ ഇസ്രയേൽ ആക്രമണം തുടരുകയും ലെബനൻ സർക്കാർ അത് തടയാതിരിക്കുകയും ചെയ്‌താല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള ഗ്രൂപ്പിെന്‍റ നേതാവ് ഷെയ്ഖ് നയിം കാസെം മുന്നറിയിപ്പ് നൽകി. ബെയ്‌റൂത്തില്‍ ഇസ്രയേൽ സൈന്യം തുടരുകയും വ്യോമാതിർത്തി ലംഘിക്കുകയും ചെയ്യുന്ന കാലത്തോളം ഹിസ്ബുള്ള വെറുതെയിരിക്കില്ലെന്നും കാസെം പറഞ്ഞു.
14 മാസത്തോളം നിലനിന്നിരുന്ന ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പ്രകാരം അവസാനിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ജനുവരി അവസാനത്തോടെ ഇസ്രയേൽ സൈന്യം എല്ലാ ലെബനൻ പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങേണ്ടതായിരുന്നു. അതേസമയം, ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ അതിർത്തിയിലെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തുള്ള അതിൻ്റെ സായുധ സാന്നിധ്യവും അവസാനിപ്പിക്കേണ്ടിവന്നു. യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ലെബനനിൽ ഇസ്രയേല്‍ ആക്രമണങ്ങളിൽ 190 പേർ കൊല്ലപ്പെടുകയും 485 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി കഴിഞ്ഞ ആഴ്‌ച ലെബനൻ സർക്കാർ വ്യക്തമാക്കിയിരുന്നു.